മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുന്നു, 140 അടിയിലേക്ക്; ഇടുക്കി ഡാം തുറക്കുന്നതില്‍ ഇന്ന് തീരുമാനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th November 2021 07:57 AM  |  

Last Updated: 14th November 2021 07:57 AM  |   A+A-   |  

mullaperiyar

ഫയൽ ചിത്രം

 

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 140 അടിയിലേക്ക് ജലനിരപ്പ് അടുക്കുകയാണ്. 139.85 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. 

മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാല്‍ അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് ശക്തമാണ്. നാലായിരം ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്. എന്നാല്‍ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടില്ല. 556 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. റൂള്‍ കര്‍വ് പരിധി 141 അടിയാണ്. 

ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു

ജലനിരപ്പ് ഉയരുന്നതിന്റെ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കുന്നതില്‍ തീരുമാനം ഇന്നുണ്ടാകും. ശനിയാഴ്ച വൈകുന്നേരത്തോടെ അണക്കെട്ട് തുറക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും പിന്നാലെ അത് പിന്‍വലിച്ചു. 

നിലവില്‍ 2396.68 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 2399.03 അടിയില്‍ ജലനിരപ്പ് എത്തുമ്പോള്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. തുടര്‍ച്ചയായി മഴ പെയ്യുകയാണെങ്കിലായിരിക്കും ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കുക. ശനിയാഴ്ച ഇടുക്കി ജില്ലയില്‍ മഴ കുറവായിരുന്നു.