പെട്രോൾ–ഡീസൽ വിലവര്‍ധന: അധിക സെസും സർചാർജും പിൻവലിക്കണം: സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 09:00 AM  |  

Last Updated: 15th November 2021 09:00 AM  |   A+A-   |  

Withdrawal of additional cess and surcharge: CPM

ഫയല്‍ ചിത്രം

 

ന്യൂഡൽഹി: പെട്രോൾ– ഡീസൽ എന്നിവയുടെ അധിക സെസും സർചാർജും കേന്ദ്രസർക്കാർ അടിയന്തരമായി പിൻവലിക്കണമെന്ന്‌ സിപിഎം. 
പെട്രോൾ എക്‌സൈസ്‌ തീരുവയിൽ അഞ്ചു രൂപയും ഡീസൽ എക്‌സൈസ്‌ തീരുവയിൽ 10 രൂപയും കുറച്ചത് ജനങ്ങൾക്ക്‌ ആശ്വാസമേകില്ല.
ഒരു ലിറ്റർ പെട്രോൾ വിലയിൽ 33 രൂപയും ഡീസലിൽ 32 രൂപയും കേന്ദ്ര എക്‌സൈസ്‌ തീരുവയാണ്‌. ഇപ്പോൾ വരുത്തിയ കുറവ്‌ നാമമാത്രമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ യോ​ഗം വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട എക്‌സൈസ്‌ തീരുവയാണ്‌ കുറച്ചത്‌. എന്നാൽ, സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ്‌ തീരുവയായി (സർചാർജ്‌) 74,350 കോടിയും അഡീഷണൽ എക്‌സൈസ്‌ തീരുവയായി (സെസ്‌) 1,98,000 കോടിയും കേന്ദ്രം ഈടാക്കുന്നു. ഇതിനു പുറമെ മറ്റ്‌ സെസ്‌– സർചാർജ്‌ ഇനത്തില്‍ 15,150 കോടിയും കേന്ദ്രം പിരിക്കുന്നു. 

ഇതെല്ലാം ചേരുമ്പോൾ 2.87 ലക്ഷം കോടി രൂപയാണ്‌ കേന്ദ്രത്തിന്‌ ലഭിക്കുന്നത്‌. ഈ തുക സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ല. പെട്രോളിയം ഉൽപ്പന്നങ്ങളുടെ അമിത വിലയാൽ ജനങ്ങൾ നട്ടംതിരിയുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക്‌ അർഥവത്തായ ആശ്വാസമേകാൻ അധിക സെസും സർചാർജും കേന്ദ്രം അടിയന്തരമായി പിൻവലിക്കണം. പിബി യോഗം ആവശ്യപ്പെട്ടു.