ഇടുക്കി അണക്കെട്ടും തുറന്നു; സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം പെരിയാറിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 10:17 AM  |  

Last Updated: 18th November 2021 10:17 AM  |   A+A-   |  

Idukki dam opened

ഇടുക്കി ഡാം തുറന്നപ്പോള്‍/ ടെലിവിഷന്‍ ദൃശ്യം

 

തൊടുപുഴ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമും തുറന്നു. ചെറുതോണി അണക്കെട്ടിന്റെ  ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. രാവിലെ 10 മണിക്കാണ് സ്പിൽവേ ഷട്ടർ ഉയർത്തിയത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. 

ഇടുക്കി ഡാമിന്റെ ഷട്ടർ ഒരു വർഷത്തിനിടെ മൂന്നു തവണ തുറക്കുന്നത് ചരിത്രത്തിലാദ്യമായിട്ടാണ്. ഡാം തുറന്ന സാഹചര്യത്തിൽ ചെറുതോണി പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത  പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിർദേശിച്ചു.

നീരൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലെത്തിയതോടെ മുല്ലപ്പെരിയാർ അണക്കെട്ടും രാവിലെ തുറന്നിരുന്നു. ഡാമിലെ മൂന്ന്, നാല് ഷട്ടറുകളാണ് രാവിലെ എട്ടുമണിയ്ക്ക് തുറന്നത്. രണ്ടു ഷട്ടറുകള്‍ തുറന്ന് 772 ക്യൂസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ തുടരുന്ന കനത്ത മഴയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരാന്‍ കാരണം. അണക്കെട്ട് തുറക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് കെഎസ്ഇബി അറിയിച്ചു