കേരളത്തിലെത്തിച്ചതില്‍ സന്തോഷം, കുഞ്ഞിനെ കാണിക്കാത്തതില്‍ വിഷമം, നടപടിക്രമങ്ങള്‍ വൈകിപ്പിക്കുമെന്ന് പേടി: അനുപമ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2021 10:27 PM  |  

Last Updated: 21st November 2021 10:27 PM  |   A+A-   |  

child adoption controversy

അനുപമ, ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: ആന്ധ്രാപ്രദേശില്‍ നിന്ന് കുഞ്ഞിനെ കേരളത്തിലെത്തിച്ചതില്‍ സന്തോഷമെന്ന് അനുപമ. എന്നാല്‍ കുഞ്ഞിനെ കാണിക്കുമെന്ന് പറഞ്ഞിട്ടും കാണിക്കാത്തതില്‍ വിഷമമുണ്ട്. നാളെ കുഞ്ഞിനെ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.  ഡിഎന്‍എ പരിശോധന സംബന്ധിച്ച് ഇതുവരെ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ വൈകിപ്പിക്കുമെന്ന് പേടിക്കുന്നെന്നും അനുപമ പ്രതികരിച്ചു. 

ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ ദത്തെടുത്ത, അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതി പ്രവര്‍ത്തകരാണ് തിരുവനന്തപുരത്ത് എത്തിച്ചത്. പൊലീസ് സംരക്ഷണയില്‍ കുഞ്ഞിനെ പാളയത്തെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഹൈദരാബാദില്‍നിന്നുള്ള വിമാനത്തില്‍ കുഞ്ഞിനെ എത്തിച്ചത്. ശിശുക്ഷേമസമിതി പ്രതിനിധി, ശിശുക്ഷേമ കൗണ്‍സിലില്‍നിന്നുള്ള ആയ, മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ആന്ധ്രയിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി തിരുവനന്തപുരത്ത് എത്തിച്ചത്. 

രണ്ടു ദിവസത്തിനു ശേഷം കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തും. ഡിഎന്‍എ ഫലം വരുന്നതുവരെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് ആയിരിക്കും.കുഞ്ഞിനെ കൈമാറുന്നത് സംബന്ധിച്ച് അന്തിമ വിധി വരുന്നതുവരെ കുഞ്ഞിനെ ഇവിടെ സംരക്ഷിക്കും.

കഴിഞ്ഞ ദിവസം ആന്ധ്രയിലെ ഒരു ജില്ലാ കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വെച്ചാണ് ഏറ്റുവാങ്ങിയത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഘം ദമ്പതിമാരെ കണ്ടത്. ഒന്നര മണിക്കൂറോളം ഇവരോട് സംസാരിച്ച ശേഷമാണ് ഏറ്റുവാങ്ങിയത്. സംഘം ആദ്യം ആന്ധ്രയിലെ ശിശുക്ഷേമസമിതി പ്രവര്‍ത്തകരുമായും സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു.