രോഗിയുടെ കൂട്ടിരിപ്പുകാരനെ മര്‍ദിച്ച സംഭവം; സെക്യൂരിറ്റി ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2021 12:41 PM  |  

Last Updated: 21st November 2021 12:41 PM  |   A+A-   |  

veena george

ഫയല്‍ ചിത്രം


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാരെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ടുള്ള സെക്യൂരിറ്റി ജീവനക്കാരെ ഏജന്‍സി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. ഇതുകൂടാതെ സെക്യൂരിറ്റി ജീവനക്കാരെ നല്‍കിയ ഏജന്‍സിക്ക് അടിയന്തരമായി നോട്ടീസയച്ച് ആവശ്യമെങ്കില്‍ ഈ ഏജന്‍സിയുമായുള്ള കരാര്‍ റദ്ദാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴിലല്ലായിരുന്നു ഈ സെക്യൂരിറ്റി ജീവനക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇനിമുതല്‍ എല്ലാ സെക്യൂരിറ്റി ജീവനക്കാരും ഇവരുടെ റിപ്പോര്‍ട്ടിംഗും ദൈനംദിന പ്രവര്‍ത്തനങ്ങളുമെല്ലാം മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ഓഫീസറുടെ കീഴില്‍ നടത്തണമെന്നും നിര്‍ദേശം നല്‍കി. ഇതോടൊപ്പം ഈ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.