ഹലാല്‍ ശര്‍ക്കര; ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ വിശദീകരണം നല്‍കണം: ഹൈക്കോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2021 11:46 AM  |  

Last Updated: 22nd November 2021 11:46 AM  |   A+A-   |  

kerala high court

ഹൈക്കോടതി /ഫയല്‍ ചിത്രം

 

കൊച്ചി: ശബരിമല ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടി. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നടപടി. ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ ആണ് കോടതിയെ സമീപിച്ചത്. 

ഭക്ഷ്യയോഗ്യമായ ശര്‍ക്കരയല്ല പ്രസാദ വിതരണത്തിന് ഉപയോഗിക്കുന്നതെന്നായിരുന്നു പ്രധാനമായും പരാതി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വവും കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് പ്രസാദനിര്‍മ്മാണത്തിനായി ശര്‍ക്കര ഉപയോഗിക്കുന്നത്. വിദേശത്തേക്ക് അയക്കുന്ന കാരണം കൊണ്ടാണ് ചില ശര്‍ക്കരയ്ക്ക് മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചിരുന്നത്. 

അല്ലാതെ ഭക്ഷ്യയോഗ്യമല്ലാത്ത ഒന്നും ശബരിമലയില്‍ ഉപയോഗിക്കുന്നില്ലെന്നാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി കൂടുതല്‍ റിപ്പോര്‍ട്ട് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് കോടതി വിശദീകരണം തേടിയത്. ശബരിമലയിലെ പ്രസാദവിതരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.