കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് പുനര്‍ നിയമനം; സംസ്ഥാനത്ത് ആദ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 05:52 PM  |  

Last Updated: 23rd November 2021 05:52 PM  |   A+A-   |  

gopinath

ഡോ. ഗോപിനാഥ് രവീന്ദ്രൻ/ ടെലിവിഷൻ ദൃശ്യം

 

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം. നാല് വര്‍ഷത്തേക്ക് വിസിയായി ഗോപിനാഥിനെ നിയമിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് വിസിക്ക് പുനര്‍നിയമനം ലഭിക്കുന്നത്. 

പുതിയ വൈസ് ചാന്‍സലര്‍ക്കായി അപേക്ഷ സ്വീകരിച്ച് വരുന്നതിനിടെയാണ് ഗോപിനാഥിന്റെ പുനര്‍നിയമിക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. സര്‍വകലാശാല ചട്ടങ്ങള്‍ അനുസരിച്ച് വിസിക്ക് പുനര്‍ നിയമനം നല്‍കാം. ഈ വ്യവസ്ഥകളില്‍ വിശദമായ നിയമോപദേശം തേടിയ ശേഷമാണ് ഗവര്‍ണര്‍ പുനര്‍നിയമനത്തിന് അനുമതി നല്‍കിയത്. 

അതേസമയം സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിസിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസിനെ ചട്ടവിരുദ്ധമായി നിയമനത്തിനുള്ള ഇന്റര്‍വ്യൂവിന് വിളിച്ചു, അവര്‍ക്ക് ഉയര്‍ന്ന റാങ്ക് നല്‍കി തുടങ്ങിയ പരാതികളുമായി സേവ് യൂനിവേഴ്‌സിറ്റി സമിതിയാണ് രംഗത്തെത്തിയത്. 

ഇതുമായി ബന്ധപ്പെട്ട പരാതി ഗവര്‍ണര്‍ക്ക് മുന്നിലും എത്തിയിരുന്നു. പിന്നാലെയാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. ഇക്കാര്യത്തില്‍ വിശദീകരണം ലഭിക്കുന്ന മുറയ്ക്കായിരിക്കും തുടര്‍ നടപടികള്‍ക്ക് ഗവര്‍ണര്‍ തീരുമാനം എടുക്കുക.