മോഫിയയുടെ ആത്മഹത്യ; സിഐയെ സസ്‌പെന്‍ഡ് ചെയ്യണം, രാത്രിയിലും സമരം തുടര്‍ന്ന് യുഡിഎഫ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 07:04 AM  |  

Last Updated: 25th November 2021 07:50 AM  |   A+A-   |  

mofia_anwar_sadath_congress_protest

 

ആലുവ: ഭരൃതൃ വീട്ടിലെ പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ പൊലീസ് സ്റ്റേഷനില്‍ ജനപ്രതിനിധികളുടെ സമരം തുടരുന്നു. ആരോപണ വിധേയനായ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യും വരെ സമരം തുടരുമെന്ന് യുഡിഎഫ്‌ നേതാക്കള്‍ പറയുന്നു. 

സിഐക്ക് എതിരെ നടപടി തേടി ആലുവയില്‍ ബഹുജന മാര്‍ച്ചും കെഎസ്‌യു മാര്‍ച്ചും ഇന്ന് നടക്കും. സുധീറിന് സ്റ്റേഷന്‍ ചുമതല നല്‍കരുത് എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു എന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. മരണത്തിന് മുന്‍പ് മോഫിയക്ക് നീതി ലഭിച്ചില്ല. മരിച്ചാല്‍ എങ്കിലും നീതി കിട്ടണം എന്നും എംഎല്‍എ പറഞ്ഞു. 

സമര സ്ഥലത്തെത്തി മോഫിയയുടെ അമ്മ

കോണ്‍ഗ്രസിന്റെ പ്രതിഷേധം ആലുവ സ്റ്റേഷനില്‍ രാത്രിയിലും തുടരുന്നതിന് ഇടയില്‍ മോഫിയയുടെ അമ്മ സമര സ്ഥലത്ത് എത്തി. വിങ്ങിപ്പൊട്ടിയ മോഫിയയുടെ അമ്മയെ നേതാക്കള്‍ ആശ്വസിപ്പിച്ചു.

മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ പ്രതികളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ബുധനാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി. 

സിഐക്കെതിരെ ആത്മഹത്യക്കുറിപ്പില്‍ മോഫിയ

ഗാര്‍ഹിക പീഡന പരാതിയില്‍ ചര്‍ച്ചയ്ക്ക് വിളിച്ച സിഐ അവഹേളിച്ചെന്നും, ചീത്ത വിളിച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതിവെച്ചിട്ടാണ് നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയത്. സംഭവം വിവാദമായതോടെ, ഗാര്‍ഹിക പീഡനപരാതിയിന്മേല്‍ ഭര്‍ത്താവ് സൂഹൈല്‍, ഇയാളുടെ മാതാപിതാക്കള്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ ആരോപണ വിധേയനായ സി ഐ സുധീറിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്.