മോഡലുകളുടെ മരണം; കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ; ചോദ്യം ചെയ്തത് ആറ് മണിക്കൂർ

മോഡലുകളുടെ മരണം; കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ; ചോദ്യം ചെയ്തത് ആറ് മണിക്കൂർ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: മുൻ മിസ് കേരളയടക്കമുള്ളവർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ അറസ്റ്റിൽ. ആറ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥർ സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്. ഇയാൾ മോഡലുകളെ പിന്തുടർന്ന ഓഡി കാറും പിടിച്ചെടുത്തു.

നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സൈജുവിനെതിരെ മറ്റൊരു പരാതിയിൽ വഞ്ചനയ്ക്കും കേസെടുത്തിട്ടുണ്ട്.

ആദ്യ ചോദ്യം ചെയ്യലിനു ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. പിന്നീട് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഇത് തീർപ്പായതോടെ നേരിട്ട് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി. ഇതിൻറെ അടിസ്ഥാനത്തിലാണ് അഭിഭാഷകർക്കൊപ്പം കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിലെത്തിയത്.  ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോഡലുകൾ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുൾ റഹ്മാനെ വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

ഡിജെ പാർട്ടി നടന്ന ഹോട്ടലിൽ നിന്ന് മോഡലുകൾ ഉൾപ്പെടെ നാലംഗ സംഘം മടങ്ങിയപ്പോൾ സൈജുവും കാറിൽ പിന്തുടരുകയായിരുന്നു. കുണ്ടന്നൂർ വരെ സാധാരണ വേഗതയിലാണ് കാറുകൾ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരിൽ വെച്ച് മോഡലുകൾ സഞ്ചരിച്ച കാറിലെ ഡ്രൈവർ അബ്ദുൾ റഹ്മാൻ കാർ നിർത്തി. ഇവിടെ വെച്ച് സൈജുവുമായി തർക്കമുണ്ടായി.

അതിന് ശേഷമാണ് ഇരു കാറുകളും അമിത വേഗതയിൽ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പല തവണ ഓവർടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് പറയുന്നു. സൈജുവിനെ നാളെ കോടതിയിൽ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com