ട്രെയിനിടിച്ച് ആനകൾ ചരിഞ്ഞു; തമിഴ്‌നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം; എൻജിൻ ചി‌പ്പ് കൈക്കലാക്കി; ഉദ്യോ​ഗസ്ഥരെ തടഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2021 07:57 PM  |  

Last Updated: 27th November 2021 08:03 PM  |   A+A-   |  

railway

ടെലിവിഷൻ ദൃശ്യം

 

പാലക്കാട്: വാളയാറിൽ ട്രെയിനിടിച്ചു കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ തമിഴ്നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ലോക്കോ പൈലറ്റുമാരെ തമിഴ്‌നാട് വനം വകുപ്പ് തടഞ്ഞു വച്ചു. ഇതിന് പിന്നാലെ വിവരങ്ങൾ ശേഖരിക്കാൻ എത്തിയ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും തടഞ്ഞു വച്ചു.

തമിഴ്നാട് വനം വകുപ്പ് അനധികൃതമായി പരിശോധന നടത്തിയെന്നാണ് റെയിൽവേ ആരോപിക്കുന്നത്. ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ കൈക്കലാക്കി എന്നാരോപിച്ചാണ് ഇവരെ തടഞ്ഞു വച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നെത്തിയ നാല് വനപാലകരെയാണ് ഒലവക്കോട് തടഞ്ഞുവച്ചത്.

വാളയാറിലുണ്ടായ ട്രെയിനിന്റെ എൻജിനിൽ നിന്നാണ് തമിഴ്നാട് ഉദ്യോഗസ്ഥർ ചിപ്പ് കൈക്കലാക്കിയത്. തുടർന്ന് ട്രെയിനിന്റെ വേഗം അറിയാൻ ചിപ്പ് പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥർ ഒലവക്കോടേക്കു വന്നു. റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യമുന്നയിച്ചപ്പോഴാണ് തമിഴ്നാട് ഉദ്യോഗസ്ഥർ ട്രെയിനിൽ കയറിയ കാര്യം പുറത്തറിയുന്നത്. ചിപ്പ് കൈമാറാൻ വനപാലകർ തയാറായിട്ടില്ല.

കോയമ്പത്തൂരിനടുത്തുള്ള നവക്കരയിൽ വച്ചാണ് മൂന്ന് കാട്ടാനകളെ ട്രെയിൻ ഇടിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. ലോക്കോ പൈലറ്റിന്റെ അമിത വേഗമാണ് അപകടത്തിനു കാരണമായതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ലോക്കോ പൈലറ്റിനെയും സഹപൈലറ്റിനെയും ചോദ്യം ചെയ്തു വിട്ടയച്ചു.

കാട്ടാനകൾ പാളം മുറിച്ചുകടക്കുമ്പോൾ ആയിരുന്നു അപകടമുണ്ടായത്. അപകടത്തേത്തുടർന്ന് പാലക്കാട്- കോയമ്പത്തൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു.