ബാങ്കിൽ കയറി ജീവനക്കാരിയുടെ കഴുത്തിൽ വാക്കത്തിവച്ച് ഭീഷണി, സ്വർണമാല കവർന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2021 08:53 AM  |  

Last Updated: 27th November 2021 08:53 AM  |   A+A-   |  

theft case in kozhikode

പ്രതീകാത്മക ചിത്രം

 

ഇടുക്കി; ബാങ്കിൽ കയറി വനിതാ ജീവനക്കാരിയെ വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വർണമാല കവർന്നു. ഇടുക്കി പെരുവന്താനത്താണ് സംഭവമുണ്ടായത്. പെരുവനന്താനം വനിതാ സഹകരണ ബാങ്കിൽ അതിക്രമിച്ചു കയറിയ രണ്ടുപേരാണ് ഭീഷണി മുഴക്കി നാലു പവന്റെ സ്വർണ മാല കവർന്നത്.  

ബൈക്കിൽ എത്തിയ രണ്ടുപേർ

ബൈക്കിൽ എത്തിയ രണ്ടുപേർ ബാങ്ക് ജീവനക്കാരിയായ കൊക്കയാർ പള്ളത്തുകുഴി രജനിയുടെ കഴുത്തിൽ വാക്കത്തിവച്ച് ഭീഷണിപ്പെടുത്തി മാല തട്ടുകയായിരുന്നു. പിടിവലിക്കിടെ വാക്കത്തികൊണ്ട് രജനിയുടെ നെറ്റിയിൽ മുറിവേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. രണ്ട് ജീവനക്കാരാണ് സാധാരണ ദിവസങ്ങളിൽ ബാങ്കിലുണ്ടാവുക. എന്നാൽ വെള്ളിയാഴ്ച രജനിമാത്രമാണ് ഉണ്ടായിരുന്നത്. 

മോഷ്ടാക്കൾക്കായി തിരച്ചിൽ

രജനിയുടെ ബഹളം കേട്ട് അടുത്ത മുറിയിലെ കുടുംബശ്രീ വനിതാ കേന്ദ്രത്തിലുണ്ടായിരുന്ന യുവതി ഓടിയെത്തിയെങ്കിലും മോഷ്ടാക്കൾ ബൈക്കിൽ രക്ഷപ്പെട്ടു. കുട്ടിക്കാനം ഭാ​ഗത്തേക്കാണ് മോഷ്ടാക്കൾ പോയത്. പൊലീസും നാട്ടുകാരും ചേർന്ന് കൊട്ടാരക്കര- ​ദിണ്ടു​ഗൽ ദേശിയപാതയിലും മറ്റു ​ഗ്രാമീണ റോഡുകളിലും തിരഞ്ഞെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. സംഭവത്തിൽ പെരുവന്താനം പൊലീസ് അന്വേഷണം ആരംഭിച്ചു.