കോളജുകള്‍ തുറക്കുന്നത് മാറ്റി; ശബരിമല തീര്‍ഥാടനം നിര്‍ത്തിവച്ചു

ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുക്കണമെന്ന്   മുഖ്യമന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോളജുകള്‍ തുറക്കുന്നത് മാറ്റിവച്ചു. നേരത്തെ തിങ്കളാഴ്ച മുതല്‍ തുറക്കാനായിരുന്നു തീരുമാനം. അത് ബുധനാഴ്ചത്തേക്കാണ് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനം ചൊവ്വാഴ്ച വരെ നിര്‍ത്തിവെക്കാനും തീരുമാനിച്ചു.മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. 

ആളുകളെ മാറ്റിപ്പാര്‍പ്പിക്കും

അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം  ശക്തമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി.   സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും.  ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുക്കണമെന്ന്   യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.  

കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും. രക്ഷാ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. 

ഗൗരവമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  എന്നാല്‍ അവസാനം വന്ന കാലാവസ്ഥാ പ്രവചനം ആശ്വാസത്തിന് വക നല്‍കുന്നതാണ്.  കൂടുതല്‍ മോശപ്പെട്ട അവസ്ഥയിലേക്കല്ല നാം പോകുന്നത് എന്നാണ് പ്രവചനം  നല്‍കുന്ന സൂചന. 

ക്യാമ്പുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം ക്യാമ്പുകള്‍ ആരംഭിക്കേണ്ടത്. ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.  ക്യാമ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാവുന്നതാണ്.  മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ക്യാമ്പുകളില്‍ ഉറപ്പുവരുത്തണം. ശൗചാലയങ്ങള്‍  വൃത്തിയാക്കാന്‍ പ്രത്യേകം സംവിധാനം ഒരുക്കണം.  ആവശ്യത്തിന് ശുദ്ധജലം  ലഭ്യമാക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ  ശ്രദ്ധ ക്യാമ്പുകളില്‍ ഉണ്ടാകണം. 
ആവശ്യത്തിന് മരുന്നുകള്‍ ഉണ്ടാകണം. വാക്‌സിന്‍ എടുക്കാത്തവരുടെയും  അനുബന്ധ രോഗികളുടെയും കാര്യത്തില്‍ പ്രത്യേകം ജാഗ്രത കാട്ടണം. 

തീരദേശ മേഖലയില്‍ ഇടക്കിടെ മുന്നറിയിപ്പ് നല്‍കണം. ദുരന്തസാധ്യത ഉള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ജാഗ്രത പുലര്‍ത്തണം. ദേശീയ ദുരന്ത പ്രതികരണ  സേന നിലവില്‍ നല്ല സഹായങ്ങള്‍ നല്‍കിവരുന്നുണ്ട്.  ആവശ്യമുള്ളവര്‍ അവരെ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ ദുരന്ത ഘട്ടങ്ങളില്‍ സംസ്ഥാനത്തെ നല്ല നിലക്ക് സഹായിച്ചവരാണ്.  അവരെയൊക്കെ ഏകോപിതമായി ഉപയോഗിക്കാനാവണം.

രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവ ഒരുക്കണം.  തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമായ വള്ളങ്ങളുടെയും  ബോട്ടുകളുടെയും ലിസ്റ്റ് തയ്യാറാക്കി വെക്കണം. ആവശ്യം വരുമ്പോള്‍ പെട്ടെന്ന് ഇവ ഉപയോഗിക്കാനാകണം. എസ്. ഡി. ആര്‍. എഫ് ഫണ്ട് വിനിയോഗത്തിന് ആവശ്യമായ നടപടികള്‍ ജില്ലകള്‍ കൈക്കൊള്ളണം. 

ഡാമുകളുടെ ജലനിരപ്പ് നിരീക്ഷണം ശക്തമാക്കണം

ഡാമുകളുടെ ജലനിരപ്പ് നിരീക്ഷണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.  മാറിപ്പോകാനുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം. 
പെട്ടെന്ന് മാറിപ്പോകാന്‍ പറയുന്ന സ്ഥിതി ഉണ്ടാവരുത്. മുന്‍കൂട്ടി അറിയിക്കുകയാണ് പ്രധാനം. ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍, വൈദ്യുതി വകുപ്പ്, ജലവിഭവ വകുപ്പ് എന്നിവര്‍ യോജിച്ച്  നീങ്ങണം. വൈദ്യുതി വിതരണത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. 
 
പാലക്കാട് ജില്ലയില്‍കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ  മുന്‍കരുതല്‍ ശക്തമാക്കണം. വെള്ളം ഒഴുക്കി കളയാന്‍  ആവശ്യമെങ്കില്‍  മോട്ടോര്‍ പമ്പുകള്‍ ഫയര്‍ഫോഴ്‌സ്  വാടകക്ക് എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.  


റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മേധാവികള്‍, ജില്ലാ കലക്ടര്‍മാര്‍, വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികള്‍, ദേശീയ ദുരന്ത പ്രതികരണ സേനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com