ശബരിമലയിൽ ശക്തമായ മഴ, ഇന്നലെ മല ചവിട്ടിയവർക്ക് ദർശനം; നിലക്കലിൽ എത്തിയ തീർത്ഥാടകരെ തിരിച്ചയക്കും

നിലയ്ക്കലിൽ തുടരാൻ തീരുമാനിച്ചിരിക്കുന്നവർക്കായി ഇടത്താവളം ഒരുക്കി നൽകുമെന്നും ദേവസ്വം അറിയിച്ചു
ചിത്രം; എഎൻഐ
ചിത്രം; എഎൻഐ

പത്തനംതിട്ട; ശബരിമല മേഖലയിൽ ഇന്നും ശക്തമായ മഴ തുടരുന്നു. ഇന്നും നാളെയും ശബരിമല തുലാ മാസ പൂജാ തീര്‍ഥാടനത്തിന് അനുവാദമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. ഇന്നലെ മല ചവിട്ടിയ തീർത്ഥാടകർക്ക് ദേവസ്വം ബോർഡ് ദർശനാനുമതി നൽകും. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തീർത്ഥാടകരെ ഇനി കയറ്റിവിടില്ല. നിലയ്ക്കലിൽ എത്തിയവരെ മടക്കി അയക്കാനാണ് തീരുമാനം. നിലയ്ക്കലിൽ തുടരാൻ തീരുമാനിച്ചിരിക്കുന്നവർക്കായി ഇടത്താവളം ഒരുക്കി നൽകുമെന്നും ദേവസ്വം അറിയിച്ചു. 

ത്രിവേണിയിലെ വലിയപാലം മുങ്ങി

കക്കി, പമ്പ നദികൾ സംഗമിക്കുന്ന ത്രിവേണിയിൽ മലവെള്ളം വഴിമാറി ഒഴുകുകയാണ്.ആറാട്ട് കടവ് ഉൾപ്പെടെ മുങ്ങി. മണപ്പുറത്തേക്കും വെള്ളംകയറി. ഗതാഗതം നിർത്തിവച്ചു. ത്രിവേണിയിലെ വലിയപാലം വെള്ളത്തിൽ മുങ്ങി. ചെറിയ പാലത്തിന്റെ അടിത്തട്ടുവരെ വെള്ളം ഉയർന്നിട്ടുണ്ട്.

തീർത്ഥാടനത്തിന് നിരോധനം

രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പമ്പയിലെ  വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മൂലമുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് നിരോധന ഉത്തരവ്.  നിലവില്‍ ശബരിമലയില്‍ ഉള്ള ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, തൊഴിലാളികള്‍  കോവിഡ്  19, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. ശബരിമലയിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്കും ഈ നിരോധനം ബാധകമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com