സ്ഥിതിഗതികള്‍ വിലയിരുത്തി അമിത് ഷാ; 'സാധ്യമായ എല്ലാ സഹായവും ചെയ്യും'

സംസ്ഥാനത്തെ കനത്ത മഴയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ/ എഎൻഐ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ/ എഎൻഐ


ന്യൂഡല്‍ഹി: സംസ്ഥാനത്തെ കനത്ത മഴയില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'കേരളത്തിലെ സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ജനങ്ങളെ സഹായിക്കാന്‍ സാധ്യമായ എല്ലാ പിന്തുണയും നല്‍കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എന്‍ഡിആര്‍എഫ് സംഘങ്ങളെ ഇതിനോടകം അയച്ചുകഴിഞ്ഞു. എല്ലാവരുടെയും സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു'-അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. 

മഴക്കെടുതിയില്‍ മരണം 13

അതേസമയം സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. കോട്ടയം കൂട്ടിക്കലില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ 10 മരണം സ്ഥിരീകരിച്ചു. ഒഴുക്കില്‍പ്പെട്ട് രണ്ടുപേരും ഇടുക്കി പെരുവന്താനത്ത് ഒരാളും മരിച്ചതായി സ്ഥിരീകരിച്ചു. 

കൂട്ടിക്കലില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ ഒന്‍പതുപേരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍ (47), പ്ലാപ്പള്ളിയില്‍ കാണാതായ റോഷ്‌നി (48), സരസമ്മ മോഹനന്‍ (57), സോണിയ (46), മകന്‍ അലന്‍ (14) എന്നിവരെ തിരിച്ചറിഞ്ഞു. ഇനി രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്. ഓലിക്കല്‍ ഷാലറ്റ്, കൂവപ്പള്ളിയില്‍ രാജമ്മ എന്നിവര്‍ മരിച്ചത് ഒഴുക്കില്‍പ്പെട്ടാണ്. ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ കൊക്കയാറില്‍ ഒരു കുടുംബത്തിലെ ഏഴുപേരുള്‍പ്പെടെ എട്ടുപേര്‍ക്കായാണ് തെരച്ചില്‍ തുടരുന്നത്. കളപ്പുരയ്ക്കല്‍ നസീറിന്റെ കുടുംബത്തെയാണ് കണ്ടെത്താനുള്ളത്. 

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകട സാഹചര്യങ്ങളില്‍ പെടാതിരിക്കാനുള്ള മുന്‍കരുതലുണ്ടാകണം. വേണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com