അണക്കെട്ടുകൾ നിറയുന്നു, അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2021 09:11 AM  |  

Last Updated: 18th October 2021 09:11 AM  |   A+A-   |  

cm-pinarayi dams

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: അണക്കെട്ടുകള്‍ തുറക്കുന്ന സാഹചര്യം വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 10 മണിക്കാണ് യോഗം ചേരുക. മഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ പ്രധാന ഡാമുകളിലെയെല്ലാം ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇടുക്കി, പമ്പ അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി അടിയന്തര യോ​ഗം വിളിച്ചത്. 

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ല

ഡാമുകള്‍ തുറക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്‍  പറഞ്ഞു. ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ടത് ഇല്ലെന്നും ഡാമുകൾ തുറക്കേണ്ടി വന്നാൽ പകലേ തുറക്കൂ.  തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. മുന്നറിയിപ്പുകള്‍ വൈകിയെന്ന പ്രതിപക്ഷ ആരോപണം തെറ്റെന്നും മുന്നറിയിപ്പുകള്‍ നല്‍കുന്നത് കേന്ദ്ര കാലാവസ്ഥാ കേന്ദ്രമെന്നും മന്ത്രി പറഞ്ഞു. 

ഇടുക്കിയിലും പമ്പയിലും ഓറഞ്ച് അലർട്ട്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്  2396.86 അടിയിലെത്തിയതോടെയാണ് ജാ​ഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അണക്കെട്ടിലെ സംഭരണശേഷിയുടെ 92.6 ശതമാനം വെള്ളമാണ് നിലവിലുള്ളത്. പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. 

കക്കി ഡാം തുറക്കും 

പത്തനംതിട്ടയിൽ മഴ ശക്തമായതോടെ കക്കി ഡാം ഇന്ന് രാവിലെ 11ന് തുറക്കും. നാലു ഷട്ടറുകളിൽ രണ്ടു ഷട്ടറുകളാണ് തുറക്കുക. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ നദികളില്‍ വൈകുന്നേരത്തോടെ  ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ കളക്റ്റർ അറിയിച്ചു.