കടത്തിയ സ്വര്‍ണം ആഭരണങ്ങളാക്കി, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വിറ്റു; കണ്ടെടുക്കാനായില്ലെന്ന് കസ്റ്റംസ്

എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍/ഫയല്‍
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍/ഫയല്‍


കൊച്ചി: നയതന്ത്ര ചാനല്‍ വഴി കടത്തിയ സ്വര്‍ണം ആഭരണങ്ങളായി ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വിറ്റഴിച്ചതായി കസ്റ്റംസിന്റെ കുറ്റപത്രം. ആഭരണങ്ങളായി വിറ്റതിനാല്‍ സ്വര്‍ണം കണ്ടെടുക്കാനായില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പെടെ 29 പ്രതികളാണ് കേസിലുള്ളത്. കസ്റ്റംസ് ബ്രോക്കര്‍ ഗോഡ്‌ഫ്രെ പ്രതാപിനെയും എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

സ്വര്‍ണം കയറ്റി അയച്ചവരില്‍ പ്രധാനിയെന്നു കരുതുന്ന ഫൈസല്‍ ഫരീദ് പ്രതിപ്പട്ടികയില്‍ ഇല്ല. യുഎഇ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും പട്ടികയില്‍ ഒഴിവാക്കി. ഇരുവര്‍ക്കു സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ ന്ിഗമനം. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവരെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഭീകരവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്നതു സംബന്ധിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഭീകരവാദത്തിന് ഉപയോഗിച്ചെന്നായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ്, സ്വര്‍ണക്കടത്തില്‍ എന്‍ഐഎ കേസെടുത്തത്. അതേസമയം സ്വര്‍ണക്കടത്തിലെ തീവ്രവാദ ബന്ധത്തിന് തെളിവ് എവിടെയെന്ന് കോടതി പലവട്ടം ആരാഞ്ഞിരുന്നു.

സ്വര്‍ണക്കടത്തില്‍ മന്ത്രിമാര്‍ക്കോ മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കോ പങ്കുള്ളതായി തെളിവു ലഭിച്ചിട്ടില്ലെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സ്വര്‍ണം കടത്തിയവരും അതിനായി പണമിറക്കിയവരും കടത്തു സ്വര്‍ണം ഉപയോഗിച്ച ജ്വല്ലറി ഉടമകളുമാണ് കേസില്‍ പ്രതികള്‍.  ഇരുപത്തിയൊന്നു തവണയായി 169 കിലോ സ്വര്‍ണമാണ് കടത്തിയത്. കടത്തിയ സ്വര്‍ണം ആഭരണങ്ങളാക്കി മാറ്റിയതിനാല്‍ പൂര്‍ണമായും കണ്ടെടുക്കാനായില്ലെന്നും കുറ്റപത്രം പറയുന്നു. 

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് കുറ്റപത്രം പറയുന്നത്. സ്വര്‍ണക്കടത്ത് അറിഞ്ഞിട്ടും ശിവശങ്കര്‍ മറച്ചുവച്ചു. 29 പ്രതികളുള്ള കേസില്‍ ഇരുപത്തിയൊന്‍പതാം പ്രതിയാണ് ശിവശങ്കര്‍. സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത് കെടി റമീസാണ്. സ്വപ്‌നയും സരിത്തും സന്ദീപും ലാഭം പങ്കിട്ടു.

മൂവായിരം പേജുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. 2020 ജൂണ്‍ 30ന് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേറ്റിന്റെ പേരില്‍ എത്തിയ നയതന്ത്ര ബാഗേജില്‍ 30 കിലോ സ്വര്‍ണം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ആദ്യം കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് എന്‍ഐഎയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും കേസെടുക്കുകയായിരുന്നു. 

കോണ്‍സുലേറ്റിലെ മുന്‍ പിആര്‍ഒ സരിത്തിനെയാണ് കേസില്‍ ആദ്യം അറസ്റ്റു ചെയ്യുന്നത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പടെ 50ല്‍ എറെ പേര്‍ അറസ്റ്റിലായ കേസ് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com