തിരുവനന്തപുരം : ഒറ്റപ്പെട്ട ശക്തമായ മഴയോടെ സംസ്ഥാനത്ത് തുലാവര്‍ഷം തുടങ്ങി. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള വടക്കുകിഴക്കന്‍ കാറ്റിന്റെ ഫലമായി അടുത്ത അഞ്ചുദിവസം സംസ്ഥാന വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം മുതല്‍ വയനാട് വരെ 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പ്
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. മലയോര മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി, തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി ശക്തിപ്പെടുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.
ചുഴലിക്കാറ്റ് സീസണ്‍
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന തുലാവര്‍ഷക്കാലം, ചുഴലിക്കാറ്റ് സീസണ്‍ കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യൂനമര്‍ദങ്ങള്‍ക്കും ചുഴലിക്കാറ്റുകള്‍ക്കും സാധ്യതയുണ്ടെന്നാണ് നിഗമനം. ഇത്തവണ സംസ്ഥാനത്ത് തുലാവര്‍ഷം സാധാരണയില്‍ കൂടുതല്‍ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates