അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവം : അനുപമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും ; രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം
By സമകാലിക മലയാളം ഡെസ്ക് | Published: 27th October 2021 06:46 AM |
Last Updated: 27th October 2021 06:46 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുട്ടിയുടെ അമ്മ അനുപമയുടെയും പങ്കാളി അജിത്തിന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും. മൊഴി നല്‍കാനായി ഇന്ന് വൈകിട്ട് നാല് മണിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കുട്ടിയെ കിട്ടാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ലഭിച്ച രസീതുകളും മറ്റ് രേഖകളും ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് അനുപമയില്‍ നിന്ന് വനിതാ ശിശു വികസന വകുപ്പ് വിവരങ്ങള്‍ തേടുന്നത്. കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വിളിച്ച് വരുത്തി വിശദീകരണം തേടിയിരുന്നു. സംഭവത്തില്‍ വനിതാ കമ്മിഷനും കേസെടുത്തിരുന്നു. കമ്മീഷന്‍ നവംബര്‍ 5ന് അനുപമയില്‍ നിന്ന് മൊഴിയെടുക്കും.
വനിതാ കമ്മീഷനും മൊഴിയെടുക്കും
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നാണ് മുന്‍ എസ്എഫ്‌ഐ നേതാവ് അനുപമയുടെ പരാതി. പിന്നീട് താനറിയാതെ കുട്ടിയെ ദത്ത് നല്‍കുകയായിരുന്നു എന്നാണ് അനുപമ ആരോപിക്കുന്നത്. സംഭവത്തില്‍ ഏപ്രില്‍19 ന് പേരൂര്‍ക്കട പൊലീസില്‍ ആദ്യം പരാതി നല്‍കി.
നടപടിക്രമം പാലിച്ചെന്ന് മന്ത്രി
തുടര്‍ന്ന് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തുടങ്ങിവര്‍ക്കും പരാതി നല്‍കി. സിപിഎം നേതാക്കള്‍ക്കും പരാതി നല്‍കിയതായി അനുപമ പറയുന്നു. കുട്ടിയെ ദത്തു നല്‍കിയ സംഭവം വിവാദമായതോടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. അനുപമയുടെതെന്ന് കരുതുന്ന കുഞ്ഞിനെ ദത്ത് നല്‍കിയത് എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണെന്ന് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു.