മുല്ലപ്പെരിയാര്‍: ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കും; പിണറായിക്ക് സ്റ്റാലിന്റെ കത്ത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2021 07:14 AM  |  

Last Updated: 28th October 2021 07:16 AM  |   A+A-   |  

stalin and pinarayi

സ്റ്റാലിന്‍, പിണറായി വിജയന്‍ / ഫയല്‍

 


ചെന്നൈ : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരുസംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കി സ്റ്റാലിന്‍ കത്തയച്ചത്. ജനങ്ങള്‍ സുരക്ഷിതരായിരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ആശങ്കകള്‍ സര്‍ക്കാര്‍ പരിഗണിക്കും. 

അണക്കെട്ടിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുകയാണ്. കേരളവുമായി ആശയ വിനിമയം തുടരുന്നതായും സ്റ്റാലിന്‍ കത്തില്‍ അറിയിച്ചു. ഡാമിലെ എല്ലാ നടപടികളും കേരളത്തെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളം ആവശ്യപ്പെട്ടതു പ്രകാരം പരമാവധി വെള്ളം വൈഗ ഡാമിലേക്കു കൊണ്ടുപോകുന്നുണ്ട്. ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈഗയിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യുസെക്‌സ് ആക്കിയിട്ടുണ്ട്. ജലനിരപ്പ് നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

ജലനിരപ്പ് 138 അടി കടന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138 അടി കടന്നു. നിലവിലെ ജലനിരപ്പ് 138.05 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. ജലനിരപ്പ് ക്രമപ്പെടുത്താനായി അണക്കെട്ട് നാളെ തുറക്കുമെന്ന് തമിഴ്‌നാട് കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. 

രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ജലനിരപ്പ് 138 അടിയിലെത്തിയത്. ഇതേത്തുടര്‍ന്ന് രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത് 5800 ഘനയടി വെള്ളമാണ്. ഇതില്‍ 2300 ഘനയടി വെള്ളം തമിഴ്‌നാട് ഇപ്പോള്‍ കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തുറക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരിക്കുന്നത്. 

കേരളം സജ്ജമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഡാം തുറക്കുന്നതിന് കേരളം സജ്ജമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഡാം തുറക്കുന്നതിന് മുമ്പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ, തുലാവര്‍ഷം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റര്‍ ചുറ്റളവില്‍ 20 ക്യാമ്പുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.