വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; അടിയന്തര ഓപ്പറേഷന്‍ തീയേറ്റര്‍, ഓക്‌സിജന്‍ പാര്‍ലര്‍: ശബരിമലയില്‍ ആക്ഷന്‍ പ്ലാനുമായി ആരോഗ്യവകുപ്പ്
By സമകാലിക മലയാളം ഡെസ്ക് | Published: 30th October 2021 07:20 PM |
Last Updated: 30th October 2021 07:20 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ അതും കൂടി മുന്നില്‍ കണ്ടാണ് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചത്. തീര്‍ത്ഥാടകര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം തന്നെ കോവിഡും മറ്റ് പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നല്‍കും. കേന്ദ്ര സര്‍ക്കാരിന്റേയും സ്റ്റേറ്റ് സ്പെസിഫിക് കോവിഡ് പ്രോട്ടോകോള്‍ പ്രകാരവും സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ തീര്‍ത്ഥാടകരും, ജീവനക്കാരും രണ്ട് ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും കരുതണം. മറ്റ് അനുബന്ധ രോഗമുള്ളവര്‍ക്കും കോവിഡ് വന്ന് 3 മാസത്തിനുള്ളില്‍ ആയിട്ടുള്ളവര്‍ക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ട് കഴിവതും ശബരിമല ദര്‍ശനം ഒഴിവാക്കണം.
ഓക്‌സിജന്‍ പാര്‍ലറുകള്‍, എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍
പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ചിലപ്പോള്‍ ഹൃദയാഘാതം വരെയോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരോഗ്യവകുപ്പ് ഈ വഴികളില്‍ അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ 5 സ്ഥലങ്ങളിലായി സ്ഥാപിക്കും. തളര്‍ച്ച അനുഭവപ്പെടുന്ന തീര്‍ത്ഥാടര്‍ക്ക് വിശ്രമിക്കുവാനും, ഓക്സിജന്‍ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷര്‍ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്സറ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. യാത്രാവേളയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നുന്നുവെങ്കില്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടാവുന്നതാണ്.
അടിയന്തര ഓപ്പറേഷന്‍ തീയേറ്റര്‍, ഡിസ്പന്‍സറി
സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷന്‍ തീയറ്ററും പ്രവര്‍ത്തിക്കും. ഇതുകൂടാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും, എരുമേലി സി.എച്ച്.സി.യിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സിലും സൗകര്യങ്ങളൊരുക്കി വരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യമൊരുക്കും.
തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്തിട്ടുണ്ട്. കാസ്പ് കാര്‍ഡുള്ള തീര്‍ത്ഥാടകര്‍ക്ക് എംപാനല്‍ ചെയ്ത സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. കാര്‍ഡില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാവുന്നതാണ്.
വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സാ സേവനത്തിനായ് ഇവിടെ വിന്യസിക്കും. കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്സ്, പര്‍മണോളജി, സര്‍ജറി, അനസ്തീഷ്യ എന്നീ വിഭാഗങ്ങളിലെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ശബരിമലയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും സംസ്ഥാനതല മേല്‍നോട്ടം. കൂടാതെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, നോഡല്‍ ഓഫീസര്‍, ഒരു അസി. നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പത്തനംതിട്ട ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍ ജില്ലയുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കും.