'മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം'- ഡിഎംകെ ഇടുക്കി ജില്ലാ ഘടകം; സ്റ്റാലിനെ കാണും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2021 09:02 AM  |  

Last Updated: 31st October 2021 09:02 AM  |   A+A-   |  

mullaperiyar

മുല്ലപ്പെരിയാർ അണക്കെട്ട് /ട്വിറ്റര്‍

 

തൊടുപുഴ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പാർട്ടിയായ ഡിഎംകെയുടെ ഇടുക്കി ജില്ലാ ഘടകം. വിഷയം സ്റ്റാലിനെ നേരിൽ കണ്ട് അറിയിക്കുമെന്നും കൂടികാഴ്ചയ്ക്കായി അനുമതി ലഭിച്ചിട്ടുണ്ടെന്നും നേതൃത്വം വ്യക്തമാക്കി. 

തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായ ഡിഎംകെയും, എഐഎഡിഎംകെയും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ മുല്ലപ്പെരിയാർ വിഷയത്തിൽ പരസ്യ പ്രതികരണത്തിന് തയാറായിരുന്നില്ല. എന്നാൽ മുല്ലപ്പെരിയാറിൽ കേരളത്തിന്റെ എക്കാലത്തെയും ആവശ്യമായ പുതിയ ഡാം നിർമിക്കണമെന്ന നിലപാടുമായി ഇപ്പോൾ രം​ഗത്തെത്തിയിരിക്കുകയാണ് ഡിഎംകെയുടെ ഇടുക്കി ജില്ലാ ഘടകം. 

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനും തമിഴ്നാടിനും ദോഷകരമല്ലാത്ത തീരുമാനം എടുക്കണം. പുതിയ ഡാം നിർമിക്കണമെന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്നും ഡിഎംകെ ഇടുക്കി ജില്ലാ സെക്രട്ടറി പറഞ്ഞു. 

തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്ന ആവശ്യം ശക്തമാകുമ്പോൾ സ്റ്റാലിനിൽ നിന്ന് അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ ജില്ലാ നേതൃത്വം. അതേസമയം വിഷയത്തിൽ എഐഎഡിഎംകെ ഇതുവരെ പ്രതകരിച്ചിട്ടില്ല.