ഞങ്ങളുടെ കളക്ടർമാരൊക്കെ പൊളിയാണ്! വിദ്യാർത്ഥികൾക്കൊപ്പം ഡാൻസ് കളിച്ച് ദിവ്യ എസ്. അയ്യർ; വിഡിയോ വൈറൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2022 08:05 AM  |  

Last Updated: 01st April 2022 08:13 AM  |   A+A-   |  

divya_s_iyer_dance

വീഡിയോ ദൃശ്യം

 

പത്തനംതിട്ട; വിദ്യാർത്ഥികൾക്കൊപ്പം ഡാൻസ് കളിക്കുന്ന പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ വിഡിയോ വൈറൽ. എംജി സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ഭാഗമായി ഫ്ലാഷ് മോബിൽ പങ്കെടുത്ത വിദ്യാർഥികൾക്കൊപ്പം ചേർന്നായിരുന്നു കളക്ടറുടെ ഡാൻസ്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് 'കലക്ടർ ബ്രോ'യുടെ ഡാൻസ് വിഡിയോ. 

കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളിൽ ഫ്ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്. കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാൻ ജില്ലാ സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കലക്ടർ. ഫ്ലാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി. ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കലക്ടറും കൂടിയത്. 

ഡാൻസ് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് എത്തി ദിവ്യ എസ് അയ്യർ അവർക്കൊപ്പം ചുവടുവയ്ക്കുകയായിരുന്നു. തുടർന്ന് കൂടുതൽ വിദ്യാർത്ഥികൾ കലക്ടർക്കൊപ്പം ഡാൻസ് കളിക്കാൻ കൂടി. സ്കൂൾ പഠനകാലത്ത് സ്ഥിരമായി കലാതിലകം നേടിയിട്ടുള്ള ദിവ്യ, കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കൽ സംഗീതം എന്നിവയിൽ ഏറെ തിളങ്ങിയിട്ടുണ്ട്.