പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ കയറിപ്പിടിക്കും; നഗ്നത കാണിക്കും; കൊച്ചിയില്‍ 31കാരനെ പൊലീസ് പൊക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2022 10:20 PM  |  

Last Updated: 01st April 2022 10:20 PM  |   A+A-   |  

arrest

കൊച്ചിയില്‍ അറസ്റ്റിലായ യുവാവ്‌

 

കൊച്ചി: പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നത് പതിവാക്കിയ യുവാവ് അറസ്റ്റില്‍. 31 വയസുകാരനായ കോട്ടയം കുറുവിലങ്ങാട് കുളത്തൂര്‍ സ്വദേശിയായ ഇമ്മാനുവേല്‍ ആണ് പിടിയിലായത്. മൂവാറ്റുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സര്‍വീസ് എഞ്ചിനീയറാണ് ഇയാള്‍.

എറണാകുളം സൗത്ത് പനമ്പള്ളി നഗര്‍ ഭാഗത്ത് നടക്കാനിറങ്ങുന്ന സ്ത്രീകളെയാണ് ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നത്. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയ ശേഷം ഈ ഭാഗത്ത് കറങ്ങി നടന്നാണ് പ്രതി സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. നഗ്‌നതാ പ്രദര്‍ശനവും സ്ത്രീകളെ കയറിപ്പിടിക്കലുമായി ശല്യം തുടര്‍ന്നു.

പരാതികള്‍ ഉയര്‍ന്നതോടെ പൊലീസ് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മഫ്തിയില്‍ ഷാഡോ പൊലീസ് രംഗത്ത് ഇറങ്ങി. ഇവര്‍ പ്രതിയെ സാധാരണ കാണാറുള്ള ഭാഗത്ത് നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതറിയാതെ വീണ്ടും സ്ത്രീകളെ ലക്ഷ്യമിട്ട് എത്തിയ പ്രതി പൊലീസിന്റെ വലയില്‍ വീഴുകയായിരുന്നു.