സിറോ മലബാര്‍ സഭ ഭൂമി ഇടപാട്: അന്വേഷണം നടക്കട്ടെ; സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st April 2022 12:17 PM  |  

Last Updated: 01st April 2022 12:17 PM  |   A+A-   |  

george alencherry

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ സിറോ മലബാര്‍ സഭ ഭൂമി ഇടപാടു കേസ് അന്വേഷണം ശരിവെച്ച് സുപ്രീംകോടതി. ഈ ഘട്ടത്തില്‍ അന്വേഷണം സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കര്‍ദിനാളിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. രണ്ട് ആഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 

സഭയുടെ ഏറ്റവും മുതിര്‍ന്ന അംഗമായ ജോര്‍ജ് ആലഞ്ചേരിയുടെ ലിബര്‍ട്ടി വരെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും, അന്വേഷണത്തിന്റെ ഭാഗമായുള്ള സമന്‍സ് പുറപ്പെടുവിച്ചെന്നും അറസ്റ്റ് വരെ ഉണ്ടായേക്കാമെന്നും ആലഞ്ചേരിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലൂത്രെ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച് മാസങ്ങള്‍ കഴിഞ്ഞെന്നും, ഇപ്പോള്‍ സ്‌റ്റേ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണ്. എന്നാല്‍ ഈ ഘട്ടത്തില്‍ അന്വേഷണത്തില്‍ ഇടപെടാനാകില്ല. അന്വേഷണത്തിന് വിഘാതമുണ്ടാക്കുന്ന ഒരു നടപടിയും കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല. അന്വേഷണം അതിന്റെ വഴിക്ക് മുന്നോട്ടു പോകട്ടെയെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നിരവദി കേസുകള്‍ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ട്. ആ കേസുകളും സ്റ്റേ ചെയ്യണമെന്ന് കര്‍ദിനാള്‍ ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം സുപ്രീംകോടതി പൂര്‍ണമായും തള്ളി.