ഇല്ലാത്ത കാറ്റ്, പാറാത്ത ഓട്, പ്രിൻസിപ്പലിന് പരിക്ക്! സ്കൂൾ ഡ്രൈവറുടെ ‘ഏപ്രിൽ ഫൂൾ‘ തമാശ ‘കാര്യ‘മായി; വട്ടം ചുറ്റി നാട്ടുകാർ

ഇല്ലാത്ത കാറ്റിൽ പാറത്ത ഓട് തലയിൽ വീണ് ബഡ്സ്‌ സ്കൂൾ പ്രിൻസിപ്പലിന്‌ പരിക്കേറ്റുവെന്ന വിഡ്ഢിദിന തമാശയാണ് നാടിനെ മൊത്തത്തിൽ അങ്കലാപ്പിലാക്കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർക്കോട്: ഏപ്രിൽ ഫൂൾ ​ദിനത്തിൽ സ്കൂൾ വാഹനത്തിന്റെ ഡ്രൈവർ ഒപ്പിച്ച തമാശ കാര്യമായപ്പോൾ വട്ടം ചുറ്റിയത് നാട്ടുകാർ! ഇല്ലാത്ത കാറ്റിൽ പാറത്ത ഓട് തലയിൽ വീണ് ബഡ്സ്‌ സ്കൂൾ പ്രിൻസിപ്പലിന്‌ പരിക്കേറ്റുവെന്ന വിഡ്ഢിദിന തമാശയാണ് നാടിനെ മൊത്തത്തിൽ അങ്കലാപ്പിലാക്കിയത്. 

പെരിയ മഹാത്മാ ബഡ്സ്‌ സ്കൂൾ പ്രിൻസിപ്പൽ ‘കില’യുടെ പരിശീലനത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച തൃശൂരിലായിരുന്നു. രാവിലെ ഏഴ് മണിയോടെ സ്കൂൾ മദർ പിടിഎ പ്രസിഡന്റിന്റെ പരിഭ്രമം കലർന്ന വിളി പ്രിൻസിപ്പലിന്റെ മൊബൈലിലെത്തി. ‘ഇന്ന് പുലർച്ചെ വീശിയ കാറ്റിൽ ബഡ്സ് സ്കൂൾ കെട്ടിടത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. മുൻഭാഗത്തെ ഓട് മുഴുവൻ പാറിയിട്ടുണ്ട്. സ്കൂളിലെ ഡ്രൈവർ വിളിച്ചു പറഞ്ഞതാണ്‌’-മദർ പിടിഎ പ്രസിഡന്റ് സങ്കടം പ്രിൻസിപ്പലിനെ അറിയിച്ചു.

കണ്ണും കൈയും എത്താ ദൂരത്തിരിക്കുമ്പോൾ തന്നെത്തേടിയെത്തിയ സങ്കടക്കാറ്റിന്റെ കാര്യം പ്രിൻസിപ്പൽ സ്കൂളിന്റെ സമീപവാസികളെയെല്ലാം വിളിച്ചു പറഞ്ഞു. ആവശ്യമായ ഇടപെടൽ നടത്താനും അഭ്യർഥിച്ചു. സ്കൂളിന്റെ കാവൽ ജോലിക്കാരൻ ഹാജരില്ലായിരുന്നു. അതിനാൽ ആവഴിക്കും പ്രിൻസിപ്പലിന് ശരിയായ വിവരങ്ങളൊന്നും കിട്ടിയില്ല. 

വിവരമറിഞ്ഞ് സമീപവാസികളും പൊതുപ്രവർത്തകരും എത്തിയപ്പോൾ ബഡ്സ് സ്കൂൾ വളപ്പിൽ ഒരു ഇല പോലും അനങ്ങിയിട്ടില്ലെന്ന്‌ കണ്ട്‌ അമ്പരന്നു. പഞ്ചായത്ത് പ്രസിഡന്റ് സികെ അരവിന്ദനും അന്വേഷിച്ച്‌ സ്ഥലത്തെത്തി. സ്കൂളിലെ കാവൽ ജോലിക്കാരൻ സ്ഥലത്തില്ലാത്തത് അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com