കീം പ്രവേശന പരീക്ഷ ഇനി ഓണ്‍ലൈന്‍; മാറ്റം അടുത്ത വര്‍ഷം മുതല്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2022 08:57 AM  |  

Last Updated: 02nd April 2022 08:57 AM  |   A+A-   |  

entrance exam for central universities

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരള എഞ്ചിനിയറിങ്-ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വഴി. എന്നാല്‍ ഈ വര്‍ഷം നിലവിലേത് പോലെ ഓഫ്‌ലൈന്‍ ആയി പരീക്ഷ എഴുതാനാവും. 

ഐഐടികളിലും എന്‍ഐടികളിലും ബിടെക് പ്രവേശനത്തിനായി നടത്തുന്ന ജെഇഇ പ്രവേശന പരീക്ഷയ്ക്ക് സമാനമായ രീതിയിലായിരിക്കും കീം ഓണ്‍ലൈന്‍ പരീക്ഷയും. നിലവിലെ പരീക്ഷ രീതിയില്‍ ഒഎംആര്‍ ഷീറ്റില്‍ ഉത്തരം മാര്‍ക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ തിരുത്താന്‍ വിദ്യാര്‍ഥിക്ക് അവസരമില്ല. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷയില്‍ ഉത്തരം തിരുത്തി എഴുതാം. 

ഓണ്‍ലൈന്‍ വഴി പരീക്ഷ നടത്താന്‍ ഏജന്‍സികളില്‍ നിന്ന് പ്രവേശന പരീക്ഷ കമ്മിഷണര്‍ താത്പര്യ പത്രം ക്ഷണിച്ചു. സംസ്ഥാന, ദേശിയ തലത്തില്‍ ഇത്തരം പരീക്ഷകള്‍ക്ക് ഇതിന് മുന്‍പ് സാങ്കേതിക സഹായം നല്‍കിയ ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം. എത്ര വിദ്യാര്‍ഥികളെ ഒരേ സമയം ഓണ്‍ലൈന്‍ പരീക്ഷ എഴുതിക്കാനാവും എന്നത് താത്പര്യ പത്രത്തോടൊപ്പം ഏജന്‍സികള്‍ അറിയിക്കണം. 

എല്‍എല്‍ബി, എല്‍എല്‍എം, എംബിഎ പരീക്ഷകള്‍ക്കാണ് നിലവില്‍ സിഇഇ ഓണ്‍ലൈന്‍ വഴി പ്രവേശന പരീക്ഷ നടത്തുന്നത്. എന്നാല്‍ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷാര്‍ഥികള്‍ കൂടുതലായിരിക്കും എന്നതിനാല്‍ സിഇഇക്ക് ഒറ്റയ്ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്താനാവില്ല.