മഞ്ചേരി ന​ഗരസഭാ കൗൺസിലറുടെ കൊലപാതകം; മുഖ്യപ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2022 08:51 AM  |  

Last Updated: 02nd April 2022 08:54 AM  |   A+A-   |  

jaleel MANJERI councilor murder case

അബ്ദുള്‍ ജലീല്‍

 

മലപ്പുറം; മഞ്ചേരിയിൽ നഗരസഭാ കൗൺസിലർ അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി ഷുഹൈബ് ആണ് പിടിയിലായത്. തമിഴ് നാട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീർ, അബ്ദുൽ മജീദ്  എന്നിവർ നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു. 

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് അബ്ദുൾ ജലീനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുൾ ജലീല്‍ ബുധനാഴ്ച രാത്രിയാണ് മരിച്ചത്.

പയ്യനാട് താമരശ്ശേരിയില്‍ വച്ച് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുമ്പോഴാണ് ജലീൽ ആക്രമിക്കപ്പെടുന്നത്. ആക്രമണത്തില്‍ തലക്കും നെറ്റിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. കാറിന്റെ പിറക് വശത്തെ ചില്ല് അക്രമികള്‍ തകര്‍ത്തു. ഗുരുതരമായി പരിക്കേറ്റ അബദുൾ മജീദിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുസ്ലീം ലീഗ് അംഗമാണ് അബ്ദുള്‍ ജലീല്‍.