'കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിക്ക് എതിരെ കേന്ദ്രമന്ത്രി തന്നെ പ്രചാരണം നടത്തുന്നു': വി മുരളീധരന് എതിരെ സിപിഎം

സില്‍വര്‍ലൈനിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന്‍ നടത്തുന്ന ഇടപെടലുകള്‍ ഫെഡറല്‍ തത്വത്തിന്റെ ലംഘനമാണെന്ന് സിപിഎം
വി മുരളീധരന്‍ കഴിഞ്ഞദിവസം നടത്തിയ സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണം
വി മുരളീധരന്‍ കഴിഞ്ഞദിവസം നടത്തിയ സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണം
Published on
Updated on


തിരുവനന്തപുരം: സില്‍വര്‍ലൈനിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന്‍ നടത്തുന്ന ഇടപെടലുകള്‍ ഫെഡറല്‍ തത്വത്തിന്റെ ലംഘനമാണെന്ന് സിപിഎം. കേന്ദ്ര സര്‍ക്കാരിന്റെ തത്വത്തിലുള്ള അനുമതി നേടിയതിനുശേഷമാണ് സില്‍വര്‍ലൈനിന്റെ സര്‍വ്വേ നടപടി ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയ ഒരു പ്രോജക്ടിനെതിരെ കേന്ദ്രമന്ത്രി തന്നെ പ്രചാരണം നടത്തുന്ന വിരോധാഭാസത്തിനാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സാക്ഷ്യംവഹിച്ചത്. സില്‍വര്‍ലൈനിന്റെ സാമൂഹ്യ ആഘാത പഠനത്തിന് സുപ്രീംകോടതിയും അനുമതി നല്‍കിയിട്ടുണ്ട്. സുപ്രീംകോടതി അനുമതി നല്‍കിയ ഒരു വികസന പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രി രംഗത്തിറങ്ങുന്ന വിരോധാഭാസമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.- സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 

നാടിന്റെ വികസനത്തിന് സഹായകരമായ നിലപാട് സ്വീകരിക്കേണ്ട കേന്ദ്ര മന്ത്രിമാര്‍ അതിനെതിരെ പുറംതിരിഞ്ഞ് നില്‍ക്കുന്ന അസാധാരണ അനുഭവത്തിനാണ് നാട് സാക്ഷ്യംവഹിച്ചിരിക്കുന്നത്. വികസനത്തിന് താല്‍പ്പര്യമുള്ള കേരളത്തിലെ ജനത ഇത്തരം സങ്കുചിത രാഷ്ട്രീയ നാടകങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തുമെന്നതിന്റെ തെളിവുകൂടിയാണ് മുരളീധരനെതിരായി ഉയര്‍ന്നുവന്ന പ്രതിഷേധം.
കേരളത്തിന്റെ വികസനത്തിന് ഏറെ പ്രധാനമായിട്ടുള്ളതാണ് പശ്ചാത്തലസൗകര്യവികസനം. ഇതിന്റെ ഭാഗമായി തുടങ്ങുന്ന സില്‍വര്‍ ലൈനിനെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന എതിര്‍പ്രചരണങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തിനോട് പുറംതിരിഞ്ഞുനില്‍ക്കുന്നതിന്റെ ലക്ഷണം കൂടിയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരാഭാസം നടത്തി ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാവുമോയെന്ന പരിശ്രമവും ഇതിന്റെ ഭാഗമായി നടന്നുവരികയാണ്.- സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. 

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായി ഇന്ധനവില വന്‍തോതില്‍ കുതിക്കുകയാണ്. ഇപ്പോള്‍ മണ്ണണ്ണയ്ക്ക് 22 രൂപ വര്‍ദ്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം ജനകീയ പ്രശ്‌നങ്ങളിലൊന്നും ഇടപെടാതെ കേരളത്തിന്റെ വികസനത്ത അട്ടിമറിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് കേന്ദ്രമന്ത്രി മുരളീധരന്റെ ഇടപെടലെന്നും തിരിച്ചറിയണം.-സിപിഎം  പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com