സ്ത്രീകളുടെ ചിത്രങ്ങള്‍ മുന്‍കൂട്ടി വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കും, കറങ്ങി നടന്നത് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത സ്‌കൂട്ടറില്‍; ഇമ്മാനുവല്‍ ലൈംഗിക വൈകൃതത്തിന് അടിമ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd April 2022 12:53 PM  |  

Last Updated: 03rd April 2022 12:53 PM  |   A+A-   |  

women assault case

ഇമ്മാനുവല്‍

 

കൊച്ചി: നഗരത്തില്‍ രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ ഇമ്മാനുവല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് പൊലീസ്. നമ്പര്‍ പ്ലേറ്റ് നീക്കിയ സ്‌കൂട്ടറില്‍ കറങ്ങി നടന്നാണ് ഇയാള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നത്.ഇയാള്‍ ഉപദ്രവിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മുന്‍കൂട്ടി വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കും. ഇതിനായി അശ്ലീല പേരില്‍ 50ലേറെ പേരടങ്ങുന്ന ഗ്രൂപ്പ് തുടങ്ങിയതായും പൊലീസ് പറയുന്നു.

കഴിഞ്ഞദിവസമാണ് കോട്ടയം കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശി ഇമ്മാനുവല്‍ ഷാഡോ പൊലീസിന്റെ പിടിയിലായത്. ദിവസവും പുലര്‍ച്ചെ മൂവാറ്റുപുഴയില്‍നിന്ന് കൊച്ചിയിലെത്തിയാണ് പ്രതി കുറ്റകൃത്യം ചെയ്തിരുന്നതെന്നും പൊലീസ് അറിയിച്ചു. മൂവാറ്റുപുഴയിലെ വാഹന ഷോറൂമില്‍ സര്‍വീസ് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് ഇയാള്‍.

നമ്പര്‍ പ്ലേറ്റ് നീക്കിയ സ്‌കൂട്ടറില്‍ കറങ്ങി നടന്നാണ് ഇയാള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. സ്‌കൂട്ടറിനു നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ ഇയാളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. പൊലീസ് അന്വേഷണം നടക്കുമ്പോഴും ഇയാള്‍ പതിവു പരിപാടികള്‍ തുടര്‍ന്നു. കടവന്ത്ര, പനമ്പിള്ളി നഗര്‍ മേഖലകളില്‍ കറങ്ങിനടന്നു സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഇയാള്‍ക്കെതിരെ സൗത്ത് പൊലീസ് സ്റ്റേഷനില്‍ നാലു കേസുകളുണ്ട്. വാട്‌സാപ് ഗ്രൂപ്പിലൂടെ, ഇയാള്‍ ഉപദ്രവിച്ച പെണ്‍കുട്ടികളുടെ മുന്‍കൂട്ടിയെടുത്ത ചിത്രങ്ങള്‍ സ്ഥലം അടക്കം അടയാളപ്പെടുത്തി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തി. 

പരാതി വ്യാപകമായതിനെ തുടര്‍ന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ഷാഡോ പൊലീസിനെ നിയോഗിച്ചു. പനമ്പിള്ളി നഗര്‍ മേഖലയില്‍ പൊലീസ് ഇയാള്‍ക്കുവേണ്ടി പരിശോധന ശക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.