ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാധാ പ്രവര്‍ത്തകന്‍; പിബിയിലെത്താനുള്ള യോഗ്യത ഇല്ല; ഇ പി ജയരാജന്‍

കെ റെയില്‍ ജനങ്ങള്‍ അംഗീകരിച്ച പദ്ധതിയാണ്. അതിന്മേല്‍ ഇനി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട കാര്യമില്ല
ഇ പി ജയരാജന്‍ പാര്‍ട്ടി കോണ്‍ഗ്രസിനെത്തുന്നു/ ടെലിവിഷന്‍ ദൃശ്യം
ഇ പി ജയരാജന്‍ പാര്‍ട്ടി കോണ്‍ഗ്രസിനെത്തുന്നു/ ടെലിവിഷന്‍ ദൃശ്യം

കണ്ണൂര്‍: സിപിഎം പോളിറ്റ് ബ്യൂറോയില്‍ എത്താനുള്ള യോഗ്യതയും അര്‍ഹതയുമൊന്നും തനിക്കില്ലെന്ന് ഇ പി ജയരാജന്‍. താന്‍ ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. കെ റെയിലിനെപ്പറ്റി പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യില്ല. അതിനുള്ള വേദിയല്ല പാര്‍ട്ടി കോണ്‍ഗ്രസെന്ന് ഇപി ജയരാജന്‍ പറഞ്ഞു. 

പാര്‍ട്ടിയുടെ രാഷ്ട്രീയ നയ രൂപീകരണ വേദിയാണ് പാര്‍ട്ടി കോണ്‍ഗ്രസ്. കരട് രാഷ്ട്രീയ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍, രാജ്യത്ത് ബിജെപി നേരിടാനുള്ള സഖ്യരൂപീകരണം അടക്കമുള്ള വിഷയങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് അവസാന റിപ്പോര്‍ട്ട് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കും. അതാണ് സിപിഎമ്മിന്റെ രീതിയെന്ന് ജയരാജന്‍ പറഞ്ഞു. 

കെ വി തോമസ് പാര്‍ട്ടി സമ്മേളനത്തില്‍ വരുമോയെന്ന് കാത്തിരുന്ന് കാണാം. കെ വി തോമസ് സോണിയാഗാന്ധിക്ക് കത്തു നല്‍കിയോ എന്ന കാര്യമൊന്നും തനിക്കറിയില്ല. കോണ്‍ഗ്രസില്‍ ചിലര്‍ ഇങ്ങനെ കത്തു കൊടുക്കും. ചിലര്‍ കത്തിന് പുല്ലു വില പോലും കല്‍പ്പിക്കില്ല. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് അതല്ലേയെന്ന് ജയരാജന്‍ ചോദിച്ചു. 

ഇപ്പോൾ രാജ്യത്ത് കോണ്‍ഗ്രസിന് എവിടെയെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഘടകമുണ്ടോ?. എല്ലാം ഓരോരുത്തര്‍ നിര്‍ദേശിക്കപ്പെട്ടതല്ലേ. കെ സുധാകരന്‍ എങ്ങനെയാണ് കെപിസിസി പ്രസിഡന്റായത്?. നോമിനേറ്റഡാണ്. അവര്‍ക്ക് ആരോടാണ് വിധേയത്വം ഉണ്ടാകുകയെന്ന് ജയരാജന്‍ ചോദിച്ചു. 

കെ റെയില്‍ ജനങ്ങള്‍ അംഗീകരിച്ച പദ്ധതിയാണ്. അതിന്മേല്‍ ഇനി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട കാര്യമില്ല. ജനങ്ങള്‍ വികസനത്തെ ആഗ്രഹിക്കുന്നു. ജനങ്ങള്‍ അത് സഹര്‍ഷം സ്വാഗതം ചെയ്തു കഴിഞ്ഞു. ഏതോ കുറച്ച് അഞ്ചോ പത്തോ കോണ്‍ഗ്രസുകാര്‍ തെക്കും വടക്കും പോയി കല്ലു പറിച്ചതുകൊണ്ടൊന്നും യാതൊരു കാര്യവുമില്ല. അതൊന്നും ചര്‍ച്ച ചെയ്യുന്ന വേദിയല്ല സിപിഎം പാര്‍ട്ടി കോണ്‍ഗ്രസെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി. 


ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com