നാളെ മുതല്‍ സര്‍വീസ് നിര്‍ത്തുമെന്ന് സ്വകാര്യ ബസുടമകള്‍; പന്നിയങ്കരയില്‍ സമരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th April 2022 02:09 PM  |  

Last Updated: 06th April 2022 02:09 PM  |   A+A-   |  

bus strike

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പന്നിയങ്കര ടോള്‍പ്ലാസയില്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തുമെന്ന് സ്വകാര്യ ബസുടമകള്‍. അമിത തുക ടോള്‍ ആയി നല്‍കാനാവില്ലെന്നാണ് ബസുടമകളുടെ നിലപാട്. തൃശൂര്‍-പാലക്കാട് ബസ് സര്‍വീസ് നാളെ മുതല്‍ ഉണ്ടാകില്ലെന്നും ബസുടമകള്‍ പറയുന്നു. 

ടോള്‍ തുക കുറയ്ക്കുന്നതു വരെ സമരം തുടരുമെന്നും സംയുക്ത സമരസമിതി അറിയിച്ചു. സ്വകാര്യ ബസുകളുടെ ടോളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടേയും എംപിയുടേയും സാന്നിധ്യത്തില്‍ രണ്ടു തവണ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ലെന്നും ബസുടമകള്‍ പറഞ്ഞു. 

50 ട്രിപ്പിന് ഒരു മാസത്തേക്ക് 9400 രൂപയാണ് ടോള്‍. എന്നാല്‍ ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് പുതുക്കിയതോടെ, അത് 10,540 രൂപയായി ഉയര്‍ന്നു. ഇതനുസരിച്ച് പ്രതിമാസം 30,000 ലേറെ രൂപ ടോള്‍ നല്‍കേണ്ടി വരും. ഇത്രയും ഉയര്‍ന്ന തുക ടോള്‍ നല്‍കി സര്‍വീസ് തുടരാനാകില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. 

ടോള്‍ വിഷയത്തില്‍ കരാര്‍ കമ്പനി ഒരുവിധത്തിലുള്ള അനുരഞ്ജനത്തിനും തയ്യാറാകുന്നില്ലെന്ന് ടോള്‍പ്ലാസയ്ക്കു മുന്നിലെ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്ത പി പി സുമോദ് എംഎല്‍എ കുറ്റപ്പെടുത്തി. ദേശീയ പാത അതോറിട്ടി നിശ്ചയിച്ച തുകയാണ് ഇതെന്നും, തങ്ങള്‍ക്ക് ഇതില്‍ ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ലെന്നും പന്നിയങ്കര ടോള്‍ പ്ലാസ അധികൃതര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

ആര്‍ടി ഓഫീസ് ജീവനക്കാരി തൂങ്ങി മരിച്ച നിലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ