സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തിനിടെ
സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തിനിടെ

ധനികര്‍ക്ക് മേല്‍ നികുതി ചുമത്തണം; ബിജെപിയെ തോല്‍പ്പിക്കുക ഊന്നല്‍; സീതാറാം യെച്ചൂരി

നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്താല്‍ വര്‍ഗീയ ശക്തികള്‍ വളരുകയും വിട്ടുവീഴ്ച ചെയ്യുന്ന പാര്‍ട്ടികളില്‍നിന്നു പ്രവര്‍ത്തകര്‍ ബിജെപിയിലേക്കു പോകുകയും ചെയ്യും
Published on

കണ്ണൂര്‍: സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വയുടെ പേരില്‍ ഇന്ത്യയുടെ മതനിരപേക്ഷത തകര്‍ക്കുന്ന നടപടിയെ ചെറുക്കാന്‍ മതേതര നിലപാടുകള്‍ക്കേ കഴിയൂ. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്താല്‍ വര്‍ഗീയ ശക്തികള്‍ വളരുകയും വിട്ടുവീഴ്ച ചെയ്യുന്ന പാര്‍ട്ടികളില്‍നിന്നു പ്രവര്‍ത്തകര്‍ ബിജെപിയിലേക്കു പോകുകയും ചെയ്യും.
സിപിഎം ഒരു വിട്ടുവീഴ്ചയുമില്ലാത്ത മതനിരപേക്ഷ നിലപാടാണു സ്വീകരിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുകയാണ് പാര്‍ട്ടിയുടെ മുഖ്യലക്ഷ്യമെന്നും യച്ചൂരി പറഞ്ഞു. 

എന്തു കൊണ്ടാണ് കോണ്‍ഗ്രസില്‍നിന്നു നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്കു പോകുന്നത് യെച്ചൂരി ചോദിച്ചു. ബിജെപിക്കെതിരായ മതേതര സഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ലെന്നും മതേതര വിഷയത്തിലെ സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തില്ലെന്നും യച്ചൂരി പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്. പദ്ധതി സംബന്ധിച്ച നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ പിബി ഇടപെടാറില്ല. പ്രശ്‌നം ഉണ്ടാകുമ്പോഴാണ് പാര്‍ട്ടി നയം വ്യക്തമാക്കുന്നത്.

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംസ്ഥാന–കേന്ദ്ര സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച നടക്കുകയാണ്. സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ പൂര്‍ണമായ കാര്യങ്ങള്‍ മനസിലാകൂ. മുഖ്യമന്ത്രിയെന്ന നിലയില്‍ കേരളത്തിലെ പദ്ധതികളെക്കുറിച്ച് പറഞ്ഞ് എല്ലാവരെയും സ്വാഗതം ചെയ്യുകയാണ് ചെയ്തതെന്നും കഴിഞ്ഞ ദിവസം പാര്‍ട്ടി വേദിയില്‍ മുഖ്യമന്ത്രിയുടെ സില്‍വര്‍ലൈന്‍ വിഷയത്തിലെ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി യച്ചൂരി പറഞ്ഞു.

കേന്ദ്രം പെട്രോളിയം ഉല്‍പന്നങ്ങളുടെ സെസും സര്‍ചാര്‍ജും അധിക നികുതികളും പിന്‍വലിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെട്രോളിയം സെസിലെയും സര്‍ചാര്‍ജിലെയും വരുമാനം മുഴുവന്‍ പോകുന്നത് കേന്ദ്ര സര്‍ക്കാരിനാണ്. അധികവരുമാനം വേണമെങ്കില്‍ ധനികരില്‍നിന്ന് നികുതി ഈടാക്കി പിരിക്കണം. കോവിഡ് കാലത്തും കോര്‍പറേറ്റുകള്‍ക്കു നികുതി ഇളവ് നല്‍കുകയാണ് കേന്ദ്രം ചെയ്തത്. അങ്ങനെ ഇളവ് നല്‍കുകയും പെട്രോളിയം വിലവര്‍ധനവിലൂടെ ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും യച്ചൂരി പറഞ്ഞു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com