തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് അപേക്ഷ ഇനി മൊബൈല്‍ ഫോണിലൂടെയും നല്‍കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 09:02 AM  |  

Last Updated: 08th April 2022 09:02 AM  |   A+A-   |  

MOBILE PHONE

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് അപേക്ഷ ഇനി മൊബൈല്‍ ഫോണിലൂടെയും നല്‍കാം. തദ്ദേശ സ്ഥാപനങ്ങളിലെ 213 സേവനങ്ങള്‍ ഓണ്‍ലെന്‍ ആകുന്നതോടെയാണ് അപേക്ഷകളും പരാതികളും സ്വന്തം കംപ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് എവിടെയിരുന്നും ഏതു സമയത്തും നല്‍കാനാകുന്നത്. 

ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) വഴിയാണ് സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്. കുടുംബശ്രീ ഹെല്‍പ് ഡെസ്‌കിന്റെ സഹായവും തേടാം. ഇതോടെ ഗ്രാമപ്പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കടലാസുരഹിതമാകും. 

ഈ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്ക് നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്. ഒറ്റ ലോഗിനില്‍ എല്ലാ സോഫ്റ്റ്‌വേറിലേക്കും പോകാവുന്ന വിധത്തിലാണ് ഐഎല്‍ജിഎംഎസ് ക്രമീകരണം.

അപേക്ഷാ ഫീസും കോര്‍ട്ട്ഫീ സ്റ്റാമ്പിന്റെ വിലയും ഓണ്‍ലൈനായി നല്‍കണം. കൈപ്പറ്റ് രസീത്, അപേക്ഷകളില്‍ സ്വീകരിക്കുന്ന നടപടി തുടങ്ങിയവ ഓണ്‍ലൈനില്‍ അറിയാം. മെയിലിലും അപേക്ഷകന്റെ യൂസര്‍ ലോഗിനിലും അക്ഷയ, ഫ്രണ്ട് ഓഫീസ് വഴിയും സേവനങ്ങളും സാക്ഷ്യപത്രങ്ങളും കിട്ടും.

കുടുംബശ്രീ ഹെല്‍പ് ഡെസ്‌ക്

ഗ്രാമപ്പഞ്ചായത്ത് ഓഫീസുകളോടു ചേര്‍ന്ന് സജ്ജമാക്കുന്ന കുടുംബശ്രീ ഹെല്‍പ് ഡെസ്‌കിന് ഒരുവര്‍ഷത്തേക്ക് കെട്ടിടം, ഫര്‍ണിച്ചര്‍, വൈദ്യുതി, വെള്ളം, ഇന്റര്‍നെറ്റ് എന്നിവ പഞ്ചായത്ത് നല്‍കും. ഇതിനുശേഷം സ്ഥലവും വൈദ്യുതിയും മാത്രം നല്‍കും. രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പ്രവര്‍ത്തനം. ഓഫീസിനു പുറത്ത് മറ്റു സ്ഥലങ്ങളിലും ഓണ്‍ലൈന്‍ സേവനത്തിന് കുടുംബശ്രീ സംരംഭം തുടങ്ങും.

മൈ അക്കൗണ്ട്

വ്യക്തികള്‍ക്ക് സോഫ്റ്റ്‌വേറില്‍ 'മൈ അക്കൗണ്ട്' തുറക്കാം. https://citizen.lsgkerala.gov.in എന്ന വൈബ്‌സൈറ്റില്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കാം. തപാലുകള്‍ ഫ്രണ്ട് ഓഫീസില്‍ സ്വീകരിച്ച് ഇ-ഫയലിലാക്കും.

ഫ്രണ്ട് ഓഫീസ് സമയം

കുടുംബശ്രീ ഹെല്‍പ് ഡെസ്‌ക് ഉള്ള ഇടങ്ങളില്‍ 10 മുതല്‍ മൂന്നുവരെയാകും പ്രവര്‍ത്തനം. ഹെല്‍പ്പ് ഡെസ്‌ക് ഇല്ലാത്ത പഞ്ചായത്തുകളില്‍ 10 മുതല്‍ 4.30 വരെ.

സര്‍വീസ് ചാര്‍ജ്

ഹെല്‍പ് ഡെസ്‌ക് ഉള്‍പ്പെടെയുള്ള സേവനദാതാക്കള്‍ക്ക് സേവനനിരക്ക് നിശ്ചയിച്ചിട്ടുണ്ട്. അപേക്ഷയും അടിസ്ഥാന വിവരങ്ങളും രേഖപ്പെടുത്താന്‍ പേജ് ഒന്നിന് 10 രൂപ. അനുബന്ധ രേഖകള്‍ സ്‌കാന്‍ ചെയ്ത് അറ്റാച്ച് ചെയ്യാന്‍ ഒരു പേജിന് അഞ്ചുരൂപ.

സര്‍ട്ടിഫിക്കറ്റും അറിയിപ്പും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാന്‍ 10 രൂപ. നികുതികള്‍, അപേക്ഷ നല്‍കുന്നതിനൊപ്പമല്ലാത്ത ഫീസുകള്‍ എന്നിവ അടയ്ക്കുമ്പോള്‍ നല്‍കുന്ന തുകയുടെ ഒരു ശതമാനം (കുറഞ്ഞത് 10 രൂപ മുതല്‍ പരമാവധി 100 വരെ) സര്‍വീസ് ചാര്‍ജ് നല്‍കണം.

ഈ വാര്‍ത്ത കൂടി വായിക്കാം

അധ്യാപകർക്ക് ഓണറേറിയം അനുവദിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ