കൊച്ചി: മൂവാറ്റുപുഴ ജപ്തി വിഷയത്തിൽ ബാങ്കിൽ നാടകീയ രംഗങ്ങൾ. മൂവാറ്റുപുഴ അർബൻ ബാങ്കില്‍ അജേഷിന്റെ കുടുംബം പണം തിരിച്ചടയ്ക്കാൻ എത്തിയപ്പോഴായിരുന്നു നടകീയ രംഗങ്ങൾ അരങ്ങേറിയത്. ബാങ്ക് ജീവനക്കാർ നൽകിയ പണം കൊണ്ട് ലോൺ അക്കൗണ്ട് ക്ലോസ് ചെയ്തതിനാൽ അജേഷിന്‍റെ പേരിൽ എംഎൽഎ നൽകിയ ചെക്ക് മാറാൻ കഴിയില്ലെന്ന് ബാങ്ക് അറിയിച്ചു.
എന്നാല്‍ ഇതില്‍ പ്രതിഷേധവുമായി കുടുംബം എത്തി. തങ്ങളോട് ചോദിക്കാതെ എന്തിനാണ് ജീവനക്കാരുടെ പണം സ്വീകരിച്ചതെന്നായിരുന്നു അജേഷിന്‍റെ കുടുംബത്തിന്‍റെ ചോദ്യം. ഇതിന് പിന്നാലെ മാത്യു കുഴല്‍നാടന്‍ നല്‍കിയ 1,35,586 രൂപയുടെ ചെക്ക് ബാങ്ക് സ്വീകരിച്ചു. ജപ്തി വിഷയം വിവാദമായതോടെ അജേഷിന്‍റെ വായ്പ കുടിശിക സിഐടിയു അടയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ തന്നെയും കുടുംബത്തെയും അപമാനിച്ച സിഐടിയുവിന്റെ പണം തനിക്ക് വേണ്ടെന്നായിരുന്നു അജേഷ് നിലപാടെടുത്തത്.
പട്ടികജാതിക്കാരനായ അജേഷ് അഞ്ച് വർഷം മുമ്പ് തൊഴിലാവശ്യത്തിനായി എടുത്ത ഒരു ലക്ഷം രൂപയുടെ വായ്പയാണ് കുടിശികയായത്. തുടർന്ന് ജപ്തിക്കായി കഴിഞ്ഞ ശനിയാഴ്ച ബാങ്ക് ജീവനക്കാർ വീട്ടിലെത്തി. ഹൃദ്രോഗത്തിന് ചികിത്സ തേടി അജേഷും കൂട്ടിരിപ്പുകാരിയായി ഭാര്യയും ഈ സമയം എറണാകുളം ജനറൽ ആശുപത്രിയിൽ ആയിരുന്നു. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നത് വരെ ജപ്തി നീട്ടാൻ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല.
തുടർന്ന് 12 വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തു. ഇത് വലിയ വിവാദത്തിനും വിമർശനത്തിനും വഴി വച്ചതോടെയാണ് വായ്പ തിരിച്ചടച്ച് പ്രശ്നത്തിൽ നിന്ന് തലയൂരാൻ ബാങ്ക് ശ്രമിച്ചത്.
മാത്യു കുഴൻനാടൻ എംഎൽഎ അജേഷിന്‍റെ വായ്പ കുടിശിക എത്രയെന്ന് അറിയിക്കണമെന്നും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറാറെന്നും വ്യക്തമാക്കി ബാങ്കിന് കത്ത് നൽകിയിരുന്നു. രണ്ട് മണിക്കൂറിനകം അജേഷിന്‍റെ വായ്പ ബാങ്ക് ജീവനക്കാർ തിരിച്ചടച്ചെന്ന് ഗോപി കോട്ടമുറിക്കൽ സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു. പിന്നാലെയാണ് തന്‍റെ അനുമതിയില്ലാതെ ബാങ്കിലടച്ച പണം തനിക്കാവശ്യമില്ലെന്ന് അജേഷ് പ്രതികരിച്ചത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates