മുല്ലപ്പെരിയാര്‍: സുപ്രീംകോടതി വിധി ഇന്ന്; മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കിയേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 06:52 AM  |  

Last Updated: 08th April 2022 06:52 AM  |   A+A-   |  

mullaperiyar

ഫയൽ ചിത്രം

 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് കോടതി ഉത്തരവ് പുറപ്പെടുവിക്കും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.  

പുതിയ മേല്‍നോട്ട സമിതി വേണമെന്നും, നിലവിലെ സമിതി ചെയര്‍മാനെ മാറ്റണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പുതിയ സമിതി വരുന്നതുവരെ നിലവിലെ സമിതി തുടരട്ടെയെന്ന് കോടതി നിലപാടെടുത്തു. നിലവിലെ അംഗങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളവും തമിഴ്‌നാടും നിര്‍ദേശിക്കുന്ന ഓരോ സാങ്കേതിക വിദഗ്ധരെ പുതുതായി സമിതിയില്‍ ഉള്‍പ്പെടുത്തും.

കേരളവും തമിഴ്‌നാടും വ്യത്യസ്ത ആവശ്യങ്ങള്‍ ഉന്നയിച്ചതോടെയാണ് വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയത്. തടസ്സപ്പെടുത്തലുകള്‍ക്കിടെ വിധി പറയാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ പറഞ്ഞു.ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, സി ടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. പുതിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിലുള്ള ഡാം സേഫ്റ്റി അതോറിറ്റി നിലവില്‍ വരുന്നതു വരെ നിയമത്തിന്റെ പരിധിയില്‍പ്പെട്ട മുഴുവന്‍ ചുമതലകളും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കു നല്‍കാമെന്ന നിര്‍ദേശം കഴിഞ്ഞദിവസം കോടതി മുന്നോട്ടുവെച്ചിരുന്നു. 

നിലവില്‍ ഡാമിന്റെ പരിപൂര്‍ണ അധികാരമുള്ള തമിഴ്‌നാട്, കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും തിരസ്‌കരിക്കുകയാണു പതിവ്. ജലനിരപ്പ് ഉയരുമ്പോള്‍ ഷട്ടറുകള്‍ തുറക്കുന്നതിലും പെരിയാര്‍ തീരദേശവാസികളുടെ ആശങ്ക പരിഗണിക്കുന്നതിലും തമിഴ്‌നാട് കേരളത്തെ തുടര്‍ച്ചയായി അവഗണിക്കുകയാണ്. മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കിയാല്‍ ഇനി സമിതിയായിരിക്കും ഇത്തരം സുരക്ഷാ കാര്യങ്ങളെല്ലാം പരിശോധിച്ച് തീരുമാനമെടുക്കുക.

മേല്‍നോട്ട സമിതിയുടെ നിര്‍ദേശം നടപ്പാക്കുന്നതില്‍ ഇരു സംസ്ഥാനങ്ങളുടെയും ഭാഗത്തു വീഴ്ചയുണ്ടായാല്‍ മേല്‍നോട്ട സമിതിക്കു അപ്പോള്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയെ കൂടുതല്‍ ശാക്തീകരിക്കണമെന്നും പ്രവര്‍ത്തനപരിധിയും ചുമതലകളും കൂടുതല്‍ വിപുലീകരിക്കണമെന്ന ആവശ്യവുമായി കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

മേല്‍നോട്ട സമിതിയെ കൂടുതല്‍ വിപുലീകരിക്കണമെന്ന ആവശ്യം കേരള സര്‍ക്കാരും മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. നിലവില്‍ മേല്‍നോട്ട സമിതി അണക്കെട്ടില്‍ പരിശോധന നടത്തി നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെങ്കിലും തമിഴ്‌നാട് ഇതു സമയബന്ധിതമായി നടപ്പാക്കാറില്ല. അണക്കെട്ടിന്റെ ദൃഢത, ഘടന സംബന്ധിച്ച കാര്യങ്ങള്‍ ആയതിനാല്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ