'എന്നെ പുറത്താക്കാൻ കഴിയില്ല; പാർട്ടി ഭരണഘടന വായിക്കാത്തവരാണ് അം​ഗത്വ വിതരണം നടത്തുന്നത്'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th April 2022 08:14 PM  |  

Last Updated: 09th April 2022 08:14 PM  |   A+A-   |  

kv_thomas

വീഡിയോ ദൃശ്യം

 

കണ്ണൂർ: തന്നെ കോൺ​ഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സാധിക്കില്ലെന്ന് കെവി തോമസ്. പാർട്ടിയിൽ തനിക്ക് പ്രാഥമികാം​ഗത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഭരണഘടന വായിക്കാത്തവരാണ് ഇപ്പോൾ അം​ഗത്വ വിതരണം നടത്തുന്നത്. കോൺ​ഗ്രസിൽ തന്നെ നിൽക്കുമെന്ന് ഇപ്പോഴും പറയുന്നതായും അദ്ദേഹം വ്യക്തമാക്കി. 

താൻ കോൺ​ഗ്രസിൽ തന്നെ നിൽക്കും. നേതൃത്വത്തെ വിമർശിച്ചാൽ പുറത്താകുമോ എന്നും അദ്ദേഹം ചോദിച്ചു. 

അതിനിടെ നേതൃത്വത്തിന്റെ തീരുമാനം അവഗണിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ കടുത്ത നടപടിക്ക് കെപിസിസി ശുപാര്‍ശ ചെയ്തു. പാര്‍ട്ടി ആശയങ്ങളെയും നേതാക്കളെയും അക്ഷേപിച്ച കെവി തോമസിനെതിരെ മാതൃകാപരമായ അച്ചടക്ക നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കത്തയച്ചു.

കെ വി തോമസ് പാര്‍ട്ടി മര്യാദയും അച്ചടക്കവും ലംഘിച്ചു. അദ്ദേഹത്തിനെതിരെ മാതൃകാപരമായ അച്ചടക്ക നടപടി വേണം. ഒരുവര്‍ഷമായി കെവി തോമസ് സിപിഎം നേതാക്കളുമായി ആശയവിനിമത്തിലെന്നും സുധാകരന്റെ കത്തില്‍ പറയുന്നു.

സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കൊണ്ടായിരുന്നു കെവി തോമസിന്റെ പ്രസംഗം. ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളെന്ന് പിണറായിയെ വിശേഷിപ്പിച്ച കെ വി തോമസ്, സ്വന്തം അനുഭവത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്നും വ്യക്തമാക്കി. ഗെയ്ല്‍ പൈപ്പ്‌ലൈന്‍  യാഥാര്‍ഥ്യമായത് പിണറായിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണെന്നും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ കെ വി തോമസ് പറഞ്ഞു.

കുമ്പളങ്ങിയിലെ പ്രസിദ്ധമായ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു. ഇത് കോണ്‍ഗ്രസിനേയും ശക്തിപ്പെടുത്തുമെന്ന് തന്റെ സഹപ്രവര്‍ത്തകരും മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് വിഷമമുണ്ടായപ്പോള്‍ തന്നെ ആശ്വസിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ചര്‍ച്ചയിലേക്ക് ക്ഷണിച്ച സിപിഎം നേതാക്കളോട് നന്ദി പറയുന്നുവെന്നും കെ വി തോമസ് പറഞ്ഞു.

ഈ വാർത്ത വായിക്കാം

'കെ വി തോമസിന്റെ മൂക്ക് ചെത്തിക്കളയുമെന്ന് ചിലര്‍, ഒരു ചുക്കും സംഭവിക്കില്ല': പിണറായി വിജയന്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ