'രാവിലെ മുതല്‍ ചീത്തവിളി;ഇറങ്ങിപ്പോകാന്‍ പറഞ്ഞ് എന്നും വഴക്കാണ്'; മരണത്തിന് കാരണം ഭര്‍തൃമാതാവ്, കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th April 2022 03:06 PM  |  

Last Updated: 11th April 2022 03:06 PM  |   A+A-   |  

suvya

മരിച്ച സുവ്യ


കൊല്ലം: ഏഴുകോണില്‍ യുവതി ജീവനൊടുക്കിയത് ഭര്‍തൃമാതാവിന്റെ മാനസിക പീഡനം കാരണമാണെന്ന് പരാതി. ഏഴുകോണ്‍ സ്വദേശി സുവ്യ(34)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച് സുവ്യ പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. കഴിഞ്ഞ ദിവസമാണ് സുവ്യയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കും മുന്‍പ് അമ്മയുടെ സഹോദരിക്ക് അയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. 

'ഞാന്‍ പോവുകയാ... എനിക്കീ ജീവിതമൊന്നും വേണ്ട. എല്ലാവരോടും പറഞ്ഞേക്കണം, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇവിടുത്തെ വിജയമ്മയാണ് കാരണക്കാരി. അവര്‍ എന്നെ പീഡിപ്പിച്ചു. എന്നും വഴക്കാണ്. എന്നും ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്നു പറയുകയാണ്. അവരും മോനും ചേര്‍ന്നാണ് എല്ലാം. രണ്ടുപേരും കൂടെ എന്നും വഴക്കാണ്.'- സന്ദേശത്തില്‍ പറയുന്നു. 

'അയാള്‍ ഒരക്ഷരം കൂടെ മിണ്ടത്തില്ല. ഞാന്‍ എന്ത് പറഞ്ഞാലും മിണ്ടില്ല. തിരിച്ച് അവരുടെ കാര്യങ്ങളില്‍ അയാള്‍ക്ക് നാവും ഉണ്ട് എല്ലാം ഉണ്ട്. അവര്‍ ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്ന് പറയുമ്പോള്‍ ചിരിച്ചുകൊണ്ടിരിക്കുകയല്ലാതെ ഒന്നും ചെയ്യില്ല. ഇവിടെന്ന് ഇറങ്ങിപ്പോ എന്ന് പറഞ്ഞ് രാവിലെ തൊട്ട് ചീത്തവിളിയാണ്. അതും ഇതും പറഞ്ഞാണ് ഫുള്‍ടൈം ഇരിക്കുന്നത്. എന്ത് സംഭവിച്ചാലും അതിന് കാരണം ഇവിടത്തെ വിജയമ്മയാണ്. എന്റെ കൊച്ചിനെ എങ്ങനെയായാലും വീട്ടിലാക്കണം. എന്ത് സംഭവിച്ചാലും ഇവിടെ നിര്‍ത്തരുത്. എനിക്ക് വയ്യ. മടുത്തു, സഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധിയാണ്. എന്നോട് ക്ഷമിക്കണം. അച്ഛനും അമ്മയും പ്ലീസ് എന്നോട് ക്ഷമിക്കണം. എനിക്ക് പറ്റാത്തത് കൊണ്ടാണ്'.-സന്ദേശത്തില്‍ പറയുന്നു. 

ഭര്‍ത്താവും ഭര്‍തൃമാതാവും സുവ്യയെ മര്‍ദിക്കാറുണ്ടെന്ന് സഹോദരന്‍ വിഷ്ണുവും ആരോപിക്കുന്നു. എംസിഎ ബിരുദധാരിയായ സുവ്യ 2014-ലാണ് വിവാഹിതയായത്.  പിഎസ്‌സി റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടെ സുവ്യ ഇടം നേടിയിരുന്നു. എന്നാല്‍ തൊഴിലുറപ്പിനോ മറ്റോ പോയി പണം കൊണ്ടുവരണമെന്നും വെറുതെ വീട്ടിലിരിക്കരുതെന്നും പറഞ്ഞ് ഭര്‍തൃമാതാവ് പീഡിപ്പിച്ചിരുന്നതായാണ് ആരോപണം. പീഡനം സഹിക്കവയ്യാതെ കുറച്ചുനാളുകള്‍ക്ക് മുമ്പ് സുവ്യ സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. എന്നാല്‍ പിന്നീട് ഭര്‍ത്താവ് വീട്ടിലെത്തി പ്രശ്നം പരിഹരിച്ച് സുവ്യയെ തിരികെ കൊണ്ടുപോയി.

കഴിഞ്ഞ എട്ടാം തീയതി ക്ഷേത്രത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് സുവ്യ വീണ്ടും വീട്ടിലെത്തി. ഉത്സവം കഴിഞ്ഞ് ഒമ്പതാം തീയതി അല്പം വൈകിയാണ് ഭര്‍തൃവീട്ടിലേക്ക് മടങ്ങിയത്. മടങ്ങിപ്പോകാന്‍ വൈകിയതിനാല്‍ ഭര്‍തൃമാതാവ് അസഭ്യം പറയുമെന്ന് പറഞ്ഞാണ് സുവ്യ അന്ന് പോയത്. ഇതിനുപിന്നാലെയാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ഈ വാര്‍ത്തകൂടി വായിക്കാം മുറ്റത്ത് വലിച്ചിഴച്ചു, മുഖത്ത് അടിച്ചു, നിലത്തിട്ട് ചവിട്ടി; വൃദ്ധമാതാവിന് ക്രൂരമര്‍ദ്ദനം; മകന്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ