കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദീലീപിന്റെ ബന്ധുക്കളെ നാളെ ചോദ്യം ചെയ്യും. ദിലീപിന്റെ അനുജന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക.
അനൂപിന്റെയും സുരാജിന്റെയും വീടിനുമുന്നില്‍ നോട്ടീസ് പതിപ്പിച്ചു. പല തവണ വിളിച്ചിട്ടും ഇരുവരും ഫോണെടുത്തില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. നാളെ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതിനിടെ, കേസില്‍ കാവ്യ മാധവനെ വീട്ടില്‍ വച്ച് തന്നെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. നേരത്തെ വീട്ടില്‍ വച്ച് ചോദ്യം ചെയ്‌തേക്കില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ക്രൈംബ്രാഞ്ച് സംഘം നാളെ വീട്ടില്‍ എത്തി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ നടപടികളുടെ കാര്യത്തില്‍ അന്വേഷണസംഘം നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പദ്മസരോവരം വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്നാണ് കാവ്യയുടെ നിലപാട്.
അതിനിടെ, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാണ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്നും അന്വേഷണസംഘം ആരോപിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കേസില്‍ ദിലീപിന് ജാമ്യം അനുവദിക്കുന്ന വേളയില്‍, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രതിക്കെതിരെ അന്വേഷണസംഘത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അതിനിടെ, തുടരന്വേഷണത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നു വിചാരണക്കോടതി ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് എഡിജിപി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
ദിലീപ് ഉള്‍പ്പെട്ട വധശ്രമ ഗൂഢാലോചനാ കേസില്‍ ഇന്നലെ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുത്തു. ഇതിനുപിന്നാലെ സായി ശങ്കറിന്റെ പക്കല്‍ നിന്ന് വാങ്ങിവെച്ച ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ അടക്കമുളളവ ഉടന്‍ ഹാജരാക്കണമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. രാമന്‍പിളള അസോസിയേറ്റ്‌സിനാണ് നോട്ടീസ് നല്‍കിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക