വീട്ടിലെത്തി ചോദ്യം ചെയ്യാനില്ല; കാവ്യയുടെ ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th April 2022 11:49 AM  |  

Last Updated: 13th April 2022 11:49 AM  |   A+A-   |  

kavya-story_647_071317122506

കാവ്യമാധവന്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യില്ല. ആലുവയിലെ പത്മസരോവരം വീട്ടില്‍ പോയി ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം. ചില വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചും ഓഡിയോ ക്ലിപ്പ് കേള്‍പ്പിച്ച് കാവ്യയില്‍ നിന്ന് വ്യക്തത തേടുന്നതിനും അന്വേഷണസംഘം തീരുമാനിച്ചിരുന്നു. 

എന്നാല്‍ അത് ആലുവയിലെ വീട്ടില്‍ വെച്ച് നടത്താനാകില്ല. കാവ്യക്കൊപ്പം സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യാനും ആലോചിച്ചിരുന്നു. എന്നാല്‍ ദിലീപിന്റെ ആലുവയിലെ വീട്ടിലേക്ക് വരില്ലെന്ന് ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ആലുവയിലെ വീട്ടില്‍ വെച്ചുള്ള ചോദ്യം ചെയ്യല്‍ ഒഴിവാക്കിയത്. 

തുടര്‍നടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ സൂചിപ്പിച്ചു. ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ സ്ഥലത്തില്ലെന്നാണ് ഇവര്‍ അന്വേഷണസംഘത്തെ അറിയിച്ചിരിക്കുന്നത്. 

ഈ മാസം 15 നകം തുടരന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ സമയപരിധിക്കകം അന്വേഷണം പൂര്‍ത്തിയാകില്ലെന്നും, അതിനാല്‍ സമയപരിധി നീട്ടിനല്‍കണമെന്നും ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടേക്കും. 


ഈ വാര്‍ത്ത കൂടി വായിക്കൂ

കൊല്ലത്ത് പാമ്പു പിടിത്തക്കാരനെ മൂര്‍ഖന്‍ കടിച്ചു, കടിയേറ്റിട്ടും പിടിത്തം വിട്ടില്ല; യുവാവ് ആശുപത്രിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ