ടി എന്‍ സീമയ്ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി; ഡ്രൈവര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ നിയമിക്കാനും അനുമതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th April 2022 07:00 AM |
Last Updated: 15th April 2022 07:02 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: നവകേരള മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്ററും സിപിഎം സംസ്ഥാന സമിതി അംഗവുമായ ടി എന്‍ സീമയ്ക്ക് സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി. ഡ്രൈവര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ മൂന്നുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനും മന്ത്രിസഭ അനുമതി നല്‍കി.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് രൂപവത്കരിച്ച ആര്‍ദ്രം, ലൈഫ്, വിദ്യാകിരണം, ഹരിതകേരളം എന്നീ മിഷനുകളുടെയും കേരള പുനര്‍നിര്‍മാണ പദ്ധതിയുടെയും ഏകോപനത്തിനാണ് നവകേരളം കര്‍മ പദ്ധതി രൂപവത്കരിച്ചത്. 2021 സെപ്തംബര്‍ മൂന്നിന് ആണ് ടി എന്‍ സീമയെ നവകേരളം കര്‍മ്മ പദ്ധതി കോഓര്‍ഡിനേറ്ററായി നീയമിച്ചത്.
ഐഎഎസ് ലഭിക്കുന്ന ആള്‍ക്ക് മിനിമം 25 വര്‍ഷം സര്‍വീസാകുമ്പോള്‍ ലഭിക്കുന്ന പദവിയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം. 1.82 ലക്ഷം രൂപയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അടിസ്ഥാന ശമ്പളം. കൂടാതെ 30,000 രൂപ ഗ്രേഡ് പേയും, ഡി.എ, അടിസ്ഥാന ശമ്പളത്തിന്റെ എട്ടു മുതല്‍ 24 ശതമാനം വീട്ടു വാടക അലവന്‍സായും (HRA) ലഭിക്കും. കാര്‍, പേഴ്‌സണല്‍ സ്റ്റാഫ്, ഡ്രൈവര്‍, പ്യൂണ്‍ എന്നിവരുമുണ്ടാകും.
ഉന്നതതലയോഗങ്ങളും മറ്റും വിളിക്കാനുള്ള സൗകര്യത്തിനാണ് ടി എന്‍ സീമക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നല്‍കിയതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. രാജ്യസഭ എംപിയായിരുന്ന ടിഎന്‍ സീമക്ക് എംപി പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. ഒരു ടേം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 25,000 രൂപയാണ് എംപി പെന്‍ഷന്‍. അതേസമയം, ശമ്പളം കൈപ്പറ്റാതെയാകും പ്രവര്‍ത്തിക്കുകയെന്ന് ടി എന്‍ സീമ അറിയിച്ചു.
ഈ വാർത്ത വായിക്കാം
സ്വിഫ്റ്റിനെ ഭയക്കുന്നതാര്?, എന്തിന്?; വിശദീകരണവുമായി കെഎസ്ആര്‍ടിസി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ