'ഒന്നും കഴിച്ചിട്ടില്ല', ആംബുലന്‍സ് നിര്‍ത്തിയാല്‍ സമയം നഷ്ടപ്പെടും; കുഞ്ഞിന് ബിസ്‌കറ്റുമായി കാത്തുനിന്ന് പൊലീസ്, മാതൃക
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th April 2022 10:22 AM |
Last Updated: 15th April 2022 10:22 AM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന കുഞ്ഞിനു ബിസ്‌കറ്റ് വാങ്ങി നല്‍കി ഏനാത്ത് പൊലീസ് മാതൃകയായി. കുഞ്ഞിന് വേണ്ടി ബിസ്‌കറ്റ് വാങ്ങിത്തരാമോ എന്ന ഫോണ്‍ വിളി സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ആദ്യം കബളിപ്പിക്കാനെന്നാണ് കരുതിയത്. പിന്നീട് മറ്റൊന്നും ആലോചിക്കാതെ ദൗത്യത്തിന് തയ്യാറായപ്പോള്‍ ഏനാത്ത് പൊലീസ് നന്മയുടെ ലോകത്ത് മറ്റൊരു മാതൃകയായി മാറുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടയാണ് പൊലീസ് സ്റ്റേഷനിലേക്ക് സഹായം അഭ്യര്‍ഥിച്ച് ഫോണ്‍ വിളി വന്നത്. മോള്‍ക്ക് സുഖമില്ല. ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കുഞ്ഞ് ഒന്നും കഴിച്ചിട്ടില്ല. ആംബുലന്‍സ് നിര്‍ത്തി ആഹാരം വാങ്ങിയാല്‍ സമയം നഷ്ടപ്പെടും.
അതിനാല്‍ ബിസ്‌കറ്റ് വാങ്ങി ആംബുലന്‍സിനരികില്‍ എത്തിക്കാമോ എന്നായിരുന്നു പൊലീസിനോടുള്ള സഹായാഭ്യര്‍ഥന. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ കെ എം മനൂപാണ് ഫോണ്‍ എടുത്തത്. ഇന്‍സ്‌പെക്ടര്‍ അവധിയിലായിരുന്നതിനാല്‍ എസ് ഐ ടി സുമേഷിനെ വിവരം അറിയിച്ചു. ഇരുവരും കൂടി ബിസ്‌കറ്റ് വാങ്ങി ഏനാത്ത് പാലത്തിനു സമീപം കാത്തു നിന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് രാധാകൃഷ്ണനും ഒപ്പം ചേര്‍ന്നു. അപ്പോഴേക്കും റാന്നി ഭാഗത്തുള്ള ആംബുലന്‍സ് എത്തി. വേഗം കുറച്ചപ്പോഴേക്കും ആംബുലന്‍സിലിരുന്ന കുഞ്ഞിന്റെ ബന്ധുക്കള്‍ക്ക് ബിസ്‌കറ്റ് കൈമാറുകയും ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം; ഡിവൈഎസ്പിമാര്‍ക്ക് ചുമതല
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ