പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം; ഡിവൈഎസ്പിമാര്‍ക്ക് ചുമതല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th April 2022 08:01 AM  |  

Last Updated: 15th April 2022 08:06 AM  |   A+A-   |  

Special police team to probe pocso cases

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിക്കുന്നു. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് പ്രത്യേക സംഘത്തിലൂടെ ആഭ്യന്തരവകുപ്പ് ലക്ഷ്യമിടുന്നത്. ജില്ലകളില്‍  ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സംഘത്തെ നിയോഗിക്കുക. 

ക്രമസമാധാന ചുമതലയില്‍ നിന്നും 44 സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ പോക്‌സോ സംഘത്തിലേക്ക് പുനര്‍ വിന്യസിക്കാനും തീരുമാനിച്ചു. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പൊലീസ് സ്‌റ്റേഷനുകളില്‍ കുട്ടികള്‍ക്കെതിരായ പീഡനകേസ് രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ പ്രത്യേക സംഘത്തിന് കൈമാറും. 

പോക്‌സോ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക സംഘത്തില്‍ ഘടനയില്‍ മാറ്റമുണ്ടാകും. സിഐ റാങ്കിലുളള സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് നിലവില്‍ പോക്‌സോ കേസുകള്‍ അന്വേഷിക്കുന്നത്. 

ക്രമസമാധാന ചുമതലയ്‌ക്കൊപ്പം കേസന്വേഷണം കൂടി നടക്കുന്നതിനാല്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. വിചാരണ വൈകുന്നത് പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നതിന് കാരണമാകുന്നതായും വിമര്‍ശനം ഉയര്‍ന്നിരുന്നു. പോക്‌സോ കേസുകളില്‍ കുറ്റപത്രവും വിചാരണയുമെല്ലാം വൈകുന്നത് ചൂണ്ടികാട്ടി പ്രത്യേക സംഘങ്ങളെ രൂപീകരിക്കാന്‍ ഒരു വര്‍ഷം മുമ്പ് സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു. 


ഈ വാര്‍ത്ത കൂടി വായിക്കൂ

ഡോ. മുഹമ്മദ് അഷീല്‍ ലോകാരോഗ്യ സംഘടനയിലേക്ക്


സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ