'ആനപ്പുറത്തു കയറിയാല്‍ പട്ടിയെ പേടിക്കേണ്ടെന്നാണോ?' അധികാരം എന്നും ഉണ്ടാകില്ല; ആന്റണി രാജുവിനെതിരെ സിഐടിയു
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th April 2022 12:04 PM |
Last Updated: 16th April 2022 12:04 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ സിഐടിയു. തങ്ങള്‍ കൂടി പ്രവര്‍ത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയാതെന്ന് കെഎസ്ആര്‍ടിഇഎ സംസ്ഥാന സെക്രട്ടറി ശാന്തകുമാര്‍ പറഞ്ഞു. അധികാരം എന്നു ഉണ്ടാകില്ല. ശമ്പളം വിതരണം ചെയ്യാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. എന്നിട്ടാണ് ജീവനക്കാര്‍ക്കെതിരെ മന്ത്രി രംഗത്തു വരുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
മന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി എംഡിയുടെ വാക്കിനൊത്ത് പ്രവര്‍ത്തിക്കുകയാണ്. ആനപ്പുറത്തു കയറിയാല്‍ പട്ടിയെ പേടിക്കേണ്ട എന്നു പറയുന്നതുപോലെ, മന്ത്രിപ്പണി കിട്ടിയാല്‍ പിന്നെ ആജീവനാന്തകാലം അതില്‍ തുടരാമെന്ന വ്യാമോഹത്തോടെയോ, അഹങ്കാരത്തോടെയോ തൊഴിലാളികളുടെ നെഞ്ചത്തുകയറാന്‍ വന്നാല്‍ അതു വകവെച്ചു കൊടുക്കാന്‍ തങ്ങള്‍ തയ്യാറാകില്ലെന്ന് ശാന്തകുമാര്‍ പറഞ്ഞു.
അധികാരം കിട്ടിയതോടെ മന്ത്രി ഇപ്പോള്‍ തൊഴിലാളികള്‍ക്കെതിരായിരിക്കുകയാണ്. കെഎസ്ആര്‍ടിസി ശമ്പള വിതരണം ഉറപ്പാക്കേണ്ട ചുമതല മന്ത്രിക്കുമുണ്ട്. കേരളത്തിലെ മറ്റൊരു വകുപ്പുകളിലും ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്ത അവസ്ഥയില്ല. മന്ത്രിയെന്ന നിലയില്‍ അദ്ദേഹം ഇടപെട്ട് ശമ്പളം വിതരണം ചെയ്യാനുള്ള സാഹചര്യം ഒരുക്കേണ്ടതാണ്.
ഈ ആഘോഷവേളയില്‍പ്പോലും, ഈ മാസം 15 കഴിഞ്ഞിട്ടും കഴിഞ്ഞമാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ ഇടപെടാന്‍ മന്ത്രിക്ക് ബാധ്യതയുണ്ട്. പകരം സമരം ചെയ്താല്‍ ശമ്പളം കിട്ടുമോയെന്നാണ് മന്ത്രി ചോദിച്ചത്. സമരം കേരളത്തില്‍ മാറ്റിവെക്കാന്‍ കഴിയുന്നതല്ല. സമരങ്ങളുടെ ഫലമാണ് ഈ സര്‍ക്കാര്‍ അടക്കമെന്ന് ശാന്തകുമാര്‍ പറഞ്ഞു.
അതുകൊണ്ട് മന്ത്രിയുടെ ആ നിലപാട് അംഗീകരിക്കാനാകില്ല. ശമ്പളം വിതരണം ചെയ്യുന്നതില്‍ മാനേജ്‌മെന്റിന്റെ കയ്യില്‍ നില്‍ക്കുന്നില്ലെങ്കില്‍, ഇടപെട്ട് ശമ്പളം വിതരണം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ മന്ത്രി സ്വീകരിക്കണം. കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം തൊഴിലാളികളുടെ കുഴപ്പം കൊണ്ടല്ല. ഡീസല്‍ വില വര്‍ധനവ്, സ്‌പെയര്‍ പാര്‍ട്‌സ് വില വര്‍ധന തുടങ്ങിയ പല കാരണങ്ങളാണ് കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് കാരണം. മാനേജ്‌മെന്റ് എടുക്കുന്ന നിലപാടുകളും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുവെന്നും ശാന്തകുമാര്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ