ദൃശ്യങ്ങള്‍ ചോര്‍ന്നത് കോടതിയില്‍ നിന്നോ?; ശിരസ്തദാറെയും തൊണ്ടി ക്ലര്‍ക്കിനെയും ചോദ്യം ചെയ്യും, അനുമതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th April 2022 10:32 AM |
Last Updated: 16th April 2022 10:37 AM | A+A A- |

ദിലീപ്/ ഫയൽ ചിത്രം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നുവെന്ന പരാതിയിലാണ് നടപടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിരസ്തദാര്‍, തൊണ്ടി ചുമതലയുള്ള ക്ലാര്‍ക്ക് എന്നിവരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയത്.
സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു രണ്ടു ജീവനക്കാരെ കൂടി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോടതിയുടെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം അനുമതി തേടിയത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ 2018 നവംബര്‍ 13ന് കോടതിയുടെ കൈവശമുണ്ടായിരുന്നു. ആ സമയത്ത് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി കണ്ടെത്തിയിരുന്നു. ദൃശ്യങ്ങള്‍ ഓരോ തവണ തുറക്കുമ്പോഴും ഹാഷ് വാല്യു മാറും. അത്തരത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച സമയത്തെ ഹാഷ് വാല്യു അല്ല അതിനുണ്ടായിരുന്നതെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തി.
ഇതോടെയാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി അന്വേഷണസംഘം നിഗമനത്തിലെത്തിയത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നോ, ഇത് ആരുടെയൊക്കെ കൈകളിലെത്തി തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.
ദിലീപിന്റെ കൈവശം നടിയെ ആക്രമിച്ച ദൃശ്യങ്ങളെത്തിയെന്നും, ദിലീപ് ഈ ദൃശ്യങ്ങള്‍ കണ്ടതായും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു. വിദേശത്തു നിന്നെത്തിയ ഒരാളാണ് ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ദിലീപിന് കൈമാറിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.
അതേസമയം കോടതി രേഖകള്‍ ദിലീപിന്റെ പക്കലെത്തിയെന്ന ആരോപണത്തില്‍ വിചാരണ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിട്ടില്ല. കോടതി രേഖകള്‍ ചോര്‍ന്നതില്‍ അന്വേഷണസംഘം കോടതിയില്‍ ആശങ്ക അറിയിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി എടുക്കുമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സുബൈർ വധം; പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി; കഞ്ചിക്കോട് ഉപേക്ഷിച്ച നിലയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ