നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് ഒന്നര മാസം കൂടി, വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th April 2022 04:22 PM  |  

Last Updated: 19th April 2022 04:22 PM  |   A+A-   |  

dileep1055003_(1)

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് ഹൈക്കോടതി ഒന്നര മാസം കൂടി സമയം അനുവദിച്ചു. മെയ് 30ന് അകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഇനി സമയം നീട്ടിനല്‍കില്ലെന്നും കോടതി അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. 

ഒന്നര മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ഡിജിപി ഉറപ്പാക്കണമെന്നു കോടതി നിര്‍ദേശിച്ചു. കേസില്‍ അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ കോടതി അതൃപ്തി അറിയിച്ചു. കോടതിയില്‍ മുദ്രവച്ച കവറില്‍ നല്‍കുന്ന കാര്യങ്ങള്‍ പോലും മാധ്യമങ്ങള്‍ക്കു ലഭിക്കുന്നതായി ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതി കാണുംമുമ്പ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ലഭിക്കുന്ന സാഹചര്യമുണ്ട്. അന്വേഷണ വിവരങ്ങളുടെ രഹസ്യാത്മകത സൂക്ഷിക്കണം. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പ്രോസിക്യൂഷന്‍ നിര്‍ദേശങ്ങള്‍ നല്‍കണം. വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കുന്നില്ലെന്ന് ഡിജിപി ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശം നല്‍കി.

കേസ് റദ്ദാക്കില്ല; ദിലീപിന്റെ ഹര്‍ജി തള്ളി

അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് സിബിഐക്കു വിടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് അന്വേഷണം നിഷ്പക്ഷമാവില്ലെന്ന ദിലീപിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന്, എഫ്‌ഐആര്‍ റദ്ദാക്കുകയോ കേസ് സിബിഐയ്ക്കു വിടുകയോ ചെയ്യണമെന്ന ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ചൂണ്ടിക്കാട്ടി. 

നിലവിലെ അന്വേഷണം പക്ഷപാതപരമെന്നു സ്ഥാപിക്കാന്‍ ദിലീപിനായിട്ടില്ലെന്ന് കോടതി വിലയിരുത്തി. അന്വേഷണ സംഘത്തിന് എന്തെങ്കിലും ദുരുദ്ദേശ്യം ഉണ്ടെന്നു കണ്ടെത്തിയിട്ടില്ല. സവിശേഷ സാഹചര്യത്തില്‍ മത്രമേ ക്രിമിനല്‍ നടപടിച്ചട്ടം 482 അനുസരിച്ച് എഫ്‌ഐആര്‍ റദ്ദാക്കാനാവൂവെന്ന് കോടതി പറഞ്ഞു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ കണ്ടെത്തലുകള്‍ ഇതില്‍ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി. 

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണം; പത്ത് വര്‍ഷമായി ദിലീപ് മദ്യം കഴിക്കാറില്ല; അനൂപിനെ പറഞ്ഞ് പഠിപ്പിച്ച് അഭിഭാഷകന്‍; ശബ്ദരേഖ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ