ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

'ഇത് ടീസറാണ്, പൊലീസിന്റെ കയ്യില്‍ 27 ഓഡിയോ ക്ലിപ്പുണ്ട്; ക്രെഡിബിലിറ്റി തിരിച്ചുകിട്ടി': ബാലചന്ദ്രകുമാര്‍

ശക്തമായ തെളിവുകള്‍ ഇല്ലെങ്കില്‍ കോടതി സ്വീകരിക്കില്ലല്ലോ എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു
Published on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി പ്രധാന സാക്ഷി ബാലചന്ദ്രകുമാര്‍. താന്‍ പ്രതീക്ഷിച്ചിരുന്ന വിധിയാണ്. കൊടുത്ത തെളിവുകള്‍ കോടതി സ്വീകരിച്ചു. ശക്തമായ തെളിവുകള്‍ ഇല്ലെങ്കില്‍ കോടതി സ്വീകരിക്കില്ലല്ലോ എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. 

തന്റെ ക്രെഡിബിലിറ്റിയെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങളുണ്ടായി. തന്റെ ക്രെഡിബിലിറ്റി തിരിച്ചുകിട്ടി. ഒരു പെറ്റിക്കേസില്‍ പോലും പ്രതിയാകാത്ത ആളാണ് താന്‍. അന്വേഷണം തുടങ്ങിയതിന് ശേഷം എതിര്‍ കക്ഷികള്‍ വ്യാജ കേസുകള്‍ കൊടുത്തിട്ടുണ്ട്. അത് നേരിടാന്‍ തയ്യാറാണ്. 

'27 ഓഡിയോ ക്ലിപ്പുകള്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. അതില്‍ നാലോ അഞ്ചോ ശബ്ദ രേഖകള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളു. ഒന്നര പേജ് ഡൈലോഗുള്ള ഓഡിയോ വരെയുണ്ട്. നിങ്ങള്‍ കേട്ടതൊക്കെ ടീസര്‍ ആണ്. ഒരു മണിക്കൂര്‍, 23 മിനിറ്റ്, എട്ടു മിനിറ്റ് എന്നിങ്ങനെ ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പുകള്‍ പൊലീസിന്റെ കൈവശമുണ്ട്.' ബാലചന്ദ്ര കുമാര്‍ പറഞ്ഞു. 

ദിലീപിന്റെ ഹര്‍ജി തള്ളിക്കൊണ്ട്, കേസില്‍ അന്വേഷണം തുടരാമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ വിധിക്കുകയായിരുന്നു. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിരുന്നു. ഇതും കോടതി പരിഗണിച്ചില്ല.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടിഎന്‍ സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com