തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറായതിന് പിന്നാലെ മുസ്ലിം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച ഇപി ജയരാജന്റെ പ്രസ്താവന അനവസരത്തിലെന്ന് സിപിഎം സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. പുതിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരണമല്ല പാര്‍ട്ടിയുടെ ലക്ഷ്യമെന്നും സിപിഎം വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെ വിമര്‍ശനത്തിന് പിന്നാലെ പ്രസ്താവന തിരുത്തി ജയരാജന്‍ രംഗത്തെത്തി.
എല്‍ഡിഎഫ് വിപുലീകരണം എന്ന വിഷയം പാര്‍ട്ടിയോ മുന്നണിയോ ഇതുവരെ എടുത്തിട്ടില്ല. മുസ്ലിം ലീഗിനോടുള്ള നിലപാടില്‍ പാര്‍ട്ടി പിന്നോട്ടു പോയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജയരാജന്റെ പ്രസ്താവന അനവസരത്തിലാണെന്ന് പാര്‍ട്ടി വിലയിരുത്തിയത്.
ഇപിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി. ഭാവിയില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തണം. രാഷ്ട്രീയ നിലപാടുകള്‍ മറന്നുള്ള പ്രസ്താവനകള്‍ പാടില്ലെന്നും സെക്രട്ടേറിയറ്റില്‍ നിര്‍ദ്ദേശമുണ്ടായി.
പിന്നാലെയാണ് ജയരാജന്‍ പ്രസ്താവന തിരുത്തിയത്. ലീഗിനെ സ്വീകരിക്കുമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ അസംതൃപ്തര്‍ പുറത്തു വരട്ടെ എന്നാണ് താന്‍ ഉദ്ദേശിച്ചത്. ലീഗ് ഇടതു മുന്നണിയിലേക്ക് വരുമെന്നോ അങ്ങനെ വന്നാല്‍ സ്വീകരിക്കുമെന്നോ താന്‍ പറഞ്ഞിട്ടില്ല. ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലാണ് ജയരാജന്‍ തിരുത്തുമായി എത്തിയത്. ഈ കുറിപ്പ് സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് വന്നത് എന്നതും ശ്രദ്ധേയമാണ്.
മുസ്ലിം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല. ലീഗില്ലാതെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയതും തുടര്‍ഭരണം നേടിയതും. എല്‍ഡിഎഫിന്റെ സീറ്റ് നില 91ല്‍ നിന്നും 99 ആയി ഉയര്‍ന്നു. എല്‍ഡിഎഫ് നയത്തില്‍ ആകൃഷ്ടരായി കൂടുതല്‍ പേര്‍ വരുന്നുണ്ട്. ഇതില്‍ വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്. അത്തരത്തില്‍ എല്‍ഡിഎഫ് വിപുലീകരിക്കപ്പെടും. വര്‍ഗീയ ഭീകരതയ്ക്കും ബിജെപിയുടെ ദുര്‍ഭരണത്തിനുമെതിരെ രാജ്യത്ത് വിശാലഐക്യം രൂപപ്പെടുകയാണ്. ആ ഐക്യത്തിന് കേരളം മാതൃകയാണ്- കുറിപ്പില്‍ ജയരാജന്‍ വ്യക്തമാക്കി.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates