സില്‍വര്‍ ലൈന്‍: സംവാദത്തിന് സര്‍ക്കാര്‍; എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു

പ്രതിഷേധങ്ങള്‍ അവഗണിച്ച് സില്‍വര്‍ലൈന്‍ സര്‍വേനടപടികള്‍ തുടരാനാണ് കെ റെയില്‍ തീരുമാനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ എതിര്‍പ്പുകള്‍ രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംവാദത്തിന് ക്ഷണിച്ച് സര്‍ക്കാര്‍. വ്യാഴാഴ്ച തിരുവനന്തപുരത്താണ് സംവാദം. എതിര്‍പ്പ് ഉന്നയിച്ച വിദഗ്ധരെയാണ് ചര്‍ച്ചയിലേക്ക് വിളിച്ചത്. അലോക് വര്‍മ, ജോസഫ് സി മാത്യു, ആര്‍ വി ജി മേനോന്‍ എന്നിവര്‍ക്കാണ് സംവാദത്തിലേക്ക് ക്ഷണം ലഭിച്ചത്. 

കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സജീവ് ഗോപിനാഥ്, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍ തുടങ്ങി കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ധരും ചര്‍ച്ചയില്‍ പങ്കെടുക്കും. സയന്‍സ് ആന്റ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ പി സുധീറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക. 

സെമിനാര്‍ മോഡല്‍ ചര്‍ച്ചയാണ് നടത്തുകയെന്നാണ് വിവരം. അതേസമയം, കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് ചര്‍ച്ചക്ക് ക്ഷണം ഇല്ല. സമരസംഘടനകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തുടങ്ങിയവരെയും സംവാദത്തിലേക്ക് ക്ഷണിച്ചിട്ടില്ല. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരുടെ പ്രത്യേക യോഗം വിളിച്ച് പദ്ധതിയുടെ നേട്ടങ്ങള്‍ വിശദീകരിക്കുകയാണ് ചെയ്തിരുന്നത്. 

സര്‍വേനടപടികള്‍ തുടരാന്‍ കെ റെയില്‍ തീരുമാനം

അതേസമയം പ്രതിഷേധങ്ങള്‍ അവഗണിച്ച് സില്‍വര്‍ലൈന്‍ സര്‍വേനടപടികള്‍ തുടരാനാണ് കെ റെയില്‍ തീരുമാനം. പ്രതിഷേധത്തിന് സാധ്യത കുറഞ്ഞ സ്ഥലങ്ങളില്‍ ഇന്ന് സര്‍വേ തുടരും. കണ്ണൂരില്‍ ചാല മുതല്‍ തലശ്ശേരിവരെയുള്ള ഭാഗങ്ങളിലാണ് കല്ലിടല്‍ ബാക്കിയുളളത്. കല്ലിടുന്നത് തടയുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. 

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തില്‍ കെ റെയില്‍ കുറ്റിപറിച്ച സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രവര്‍ത്തകര്‍ക്കെതിരെ കേസുണ്ടാകുമെന്ന് എടക്കാട് പൊലീസ് പറഞ്ഞു.   30 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇന്നലെ കെ റെയില്‍ കുറ്റി പിഴുത് റീത്ത് വച്ചത്. തിരുവനന്തപുരം കരിച്ചാറയില്‍ ഇന്നലെ കല്ലിടുന്നത് തടഞ്ഞത്, പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലും സംഘര്‍ഷത്തിലും കലാശിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com