50 ദശലക്ഷം റിയാല്‍ ദയാധനം വേണമെന്ന് തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ചര്‍ച്ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd April 2022 11:35 AM  |  

Last Updated: 22nd April 2022 11:35 AM  |   A+A-   |  

nimisha_priya

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം ദയാധനത്തെപ്പറ്റി ചര്‍ച്ചയ്ക്ക് തയാറെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി ഇന്ത്യന്‍ രൂപ) ആണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെടുന്നത്. റംസാൻ അവസാനിക്കുന്നതിന് മുമ്പ് തീരുമാനം അറിയിക്കണമെന്നും കുടുംബം നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 

റംസാൻ മാസം കഴിഞ്ഞാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ യമന്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് പോകുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്. മധ്യസ്ഥ ചര്‍ച്ചകള്‍ ഏകോപിപ്പിക്കുന്നതിനായി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കിയിരുന്നു.

അടിയന്തരമായി ഇടപെടണമെന്ന് നിമിഷപ്രിയയുടെ ഭര്‍ത്താവ്

മോചനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് നിമിഷപ്രിയയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു. മരിച്ച തലാലിന്റെ ബന്ധുക്കളോടും അവിടത്തെ ജനതയോടും മാപ്പ് അപേക്ഷിക്കാന്‍ യെമനിലേക്കു പോകുമെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നേരത്തേ വ്യക്തമാക്കിയിരുന്നു.

യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. 2017 ജൂലൈ 25നാണ് തലാൽ കൊല്ലപ്പെടുന്നത്.യെമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.

യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. കീഴ്ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്.വധ ശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ നല്‍കിയ ഹര്‍ജി യമനിലെ അപ്പീല്‍ കോടതിയും തള്ളിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനെത്തിയ യുവാവിനെ ഓടിച്ചിട്ട് വെട്ടി; അഞ്ചുപേര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ