സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനെത്തിയ യുവാവിനെ ഓടിച്ചിട്ട് വെട്ടി; അഞ്ചുപേര്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd April 2022 11:06 AM  |  

Last Updated: 22nd April 2022 11:06 AM  |   A+A-   |  

THIRUVANANTHAPURAM ATTACK

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ വന്ന യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന അഞ്ചുപേര്‍ അറസ്റ്റില്‍. കോവളം കോഴിയൂര്‍ വാഴത്തോട്ടം സ്വദേശികളായ അജിത്, പ്രണവ്, വെടിവച്ചാന്‍ കോവില്‍ അയണിമൂട് സ്വദേശി സുബിന്‍, കോളിയൂര്‍ ചരുവിള വീട്ടില്‍ സുബിന്‍, മുട്ടയ്ക്കാട് സ്വദേശി അജിന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍നിന്ന് മഴു, വെട്ടുകത്തി എന്നിവ തിരുവല്ലം പൊലീസ് പിടിച്ചെടുത്തു. 

ഏപ്രില്‍ 10ന് രാത്രി 8നാണ് സംഭവം. പള്ളിച്ചല്‍ സ്വദേശിയായ കിഷോറിനെ ആണ് സംഘം ആക്രമിച്ചത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു.കോളിയൂര്‍ ഗ്രൗണ്ടിനടുത്തുളള സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു കിഷോര്‍. അക്രമികളെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കിഷോറിനെ സംഘം റോഡില്‍ തള്ളിയിട്ട് കൈയ്ക്കും കാലിനും വെട്ടി. 

ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ കിഷോറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കിഷോര്‍ ഇപ്പോഴും ചികിത്സയിലാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിവിധയിടങ്ങളിലെ ഒളിസങ്കേതങ്ങളില്‍നിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കവി ബിനു എം പള്ളിപ്പാട് അന്തരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ